
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിവി ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം. പാര്‍ട്ടിയെ വിഭജിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ ഡിഎംകെ-എഐഡിഎംകെ സഖ്യനീക്കത്തില്‍ എംഎല്‍എമാര്‍ ആശങ്കയിലായിരുന്നെന്നും ഷണ്മുഖം പ്രതികരിച്ചു. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേരിട്ട തുടർച്ചയായ പരാജയങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണത്തെ ജനവിധി വിജയ് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ളതാണ്. അതാണ് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം. ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. അതിനെ അംഗീകരിച്ച് മുഖ്യമന്ത്രി വിജയ്യെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. എഐഎഡിഎംകെ പാര്‍ട്ടിയെന്ന നിലയില്‍, വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഷണ്മുഖം പറഞ്ഞു.
ഡിഎംകെ-എഐഡിഎംകെ സഖ്യത്തിലൂടെ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയാവാന്‍ നീക്കം നടത്തിയെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 30 എഐഎഡിഎംകെ എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചപ്പോള്‍ ഇപിഎസിനൊപ്പം 17 പേര് മാത്രമാണ് ഉള്ളത്.






