
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മലങ്കര ജലാശയത്തില്‍ നടപ്പിലാക്കാൻ ആവിഷ്ക്കരിച്ച 112 കോടി രൂപയുടെ കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയില്‍ അഴിമതി ആരോപിച്ച് പരാതി. മുട്ടം സ്വദേശിയും കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫ് വണ്ടനാനിയാണ് വിജിലൻസില്‍ പരാതി നല്‍കിയത്.
മലങ്കര ജലാശയത്തില്‍ ടൂറിസം പദ്ധതിയുടെ ടെൻഡർ നടപടികളില്‍ വലിയ വീഴ്ചയും അലംഭാവവും സർക്കാരിന് വലിയ നഷ്ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയില്‍ ടെൻഡർ നടപടികള്‍ അംഗീകരിച്ചതായി പരാതിയില്‍ പറയുന്നു. ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നല്‍കിയത്.
പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കാതെയും വേണ്ടത്ര പ്രചാരണം നല്‍കാതെയും ടെണ്ടർ നടത്തി ഇഷ്ടക്കാർക്ക് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി. ടെണ്ടറില്‍ കോഴിക്കോട് എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു കമ്പനി മാത്രം പങ്കെടുത്തിട്ടും റീ ടെൻഡർ നടത്താതെ അതേ കമ്പനിക്ക് കരാർ ഉറപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിവർഷം കോടാനുകോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയെ സ്വകാര്യ ഏജൻസിക്ക് പൂർണമായും വിട്ടുനല്‍കുന്ന രീതിയിലാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കമ്പനി വെറും കടലാസ് കമ്പനി ആണെന്നാണ് അറിയുന്നത്. ടൂറിസം മേഖലയില്‍ യാതൊരു മുൻപരിചയവും ഇല്ലാത്ത, മാസങ്ങള്‍ക്ക് മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
ഇറിഗേഷൻ ടൂറിസം പദ്ധതി ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി അഞ്ച് മാസം കഴിഞ്ഞു മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023 ഏപ്രില്‍ 21 ന് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിക്കാണ് ആയിരം കോടിയോളം രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ടൂറിസം പദ്ധതികളുടെ ടെൻഡർ നല്‍കിയിരിക്കുന്നത്.
മലങ്കര ഡാമിലെ പദ്ധതിക്ക് പുറമെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപുഴ, എറണാകുളം ജില്ലയില്‍ ഭൂതത്താൻകെട്ട് എന്നീ ജലാശയങ്ങളില്‍ വിനോദ ഗ്രാമം പദ്ധതി, ചെറുതോണി ഡാമില്‍ വാട്ടർ എക്സ്പീരിയൻസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കുന്നതിനും ഇതേ കമ്പനിക്ക് തന്നെ കരാർ ലഭിച്ചു.







