
കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഉഴവുർ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാർഡിലെ ബ്ലോക്ക് നാലിൽ റീ സർവേ നമ്പർ 425,426ൽ ഉൾപ്പെട്ട 45.90 ആർ സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട പദ്ധതികൾക്കായി സർക്കാർ ബിറ്റിആർ രേഖകളിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നും 470.45 മെട്രിക് ടൺ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായി നേരത്തെ പരാതി ഉയർന്നിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകരായ ബെയ്ലോൺ എബ്രാഹമിൻ്റെയും, രാജേഷ് കുര്യനാടിൻ്റെയും പരാതികളുടെ തുടർനടപടികളുടെ ഭാഗമായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സമഗ്രാന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. അന്വേഷണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ജിയോളിസ്റ്റ് കോട്ടയം ജില്ലാ കളക്ടർക്ക് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലാ എൽആർ ഡെപ്യൂട്ടി കളക്ടർ, മീനച്ചിൽ താലൂക്ക് ഭൂരേഖ തഹസിൽദാർ, ജില്ലാ സീനിയർ ജിയോളജിസ്റ്റ്, ഉഴവുർ വില്ലേജ് ഓഫീസർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരാതിക്കാരൻ്റെ സാന്നിധ്യത്തിൽ അരീക്കുഴി വെള്ളച്ചാട്ടം സന്ദർശിച്ച് തെളിവെടുത്തു. ഭൂരേഖ തഹസിൽദാർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജിയോളജി വകുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി.
അനധികൃത പാറഖനനം നടത്തിയതിന് കർശന നടപടി ഉണ്ടാകുവാൻ സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും റിപ്പോർട്ട് പരിശോധിച്ച കളക്ടർ ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കുറവിലങ്ങാട് പൊലീസിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പരാതി നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിൻ്റെ എഫ്ഐആർ പകർപ്പ് സമയബന്ധിതമായി കളക്ടർ മുമ്പാകെ ഹാജരാക്കണമെന്നുള്ള ഉത്തരവ് പൊലീസ് ഇതുവരെ നടപ്പിലാക്കാൻ വൈകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് എതിരെ ബെയ്ലോൺ എബ്രാഹം 2025 നവംബർ 11ന് വീണ്ടും സർക്കാർ ഉന്നതതല വകുപ്പുകളിൽ പരാതി നൽകിയതിനെ തുടർന്ന് റവന്യൂ വകുപ്പ് ഗവൺമെൻ്റ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്ക് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ 2026 ഏപ്രിൽ 28ന് കത്ത് നൽകാൻ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി എന്നിവർക്ക് 2026 മെയ് ആറിനകം അന്വേഷണത്തിനും പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് നൽകാനും, തുടർനടപടികൾ വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും, വിജിലൻസ് &ആൻ്റി കറപ്ഷൻ ബ്യൂറോയെയും അറിയിക്കാനും രേഖാമൂലം കത്തിലൂടെ നിർദേശം നൽകി.







