Spread the love

കൊച്ചി: അതിർത്തിയില്‍ നില്‍ക്കുന്ന ഒരു തെങ്ങിനെച്ചൊല്ലി വർഷങ്ങളായി തുടരുന്ന അയല്‍വാസികളുടെ തർക്കം ഹൈക്കോടതിയിലെത്തിയപ്പോള്‍ ആദ്യം വെട്ടിക്കളയേണ്ടത് തെങ്ങല്ല, കക്ഷികളുടെ വാശിയാണെന്ന് കോടതി.
പ്രശ്നം നിയമ പോരാട്ടമാക്കി മാറ്റുന്നതിന് പകരം പരസ്പര സ്നേഹത്തോടെയും സഹിഷ്ണുതയോടെയും പരിഹരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ബൈബിള്‍ വചനം ഇരുകക്ഷികള്‍ക്കും ഉപദേശമായി നല്‍കിയാണ് കോടതി കേസ് പരിഗണിച്ചത്.

video
play-sharp-fill

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് ആദ്യം എത്തുക അയല്‍വാസികളായിരിക്കുമെന്നും അത് ഓർത്ത് നിസ്സാരമായ ഈ പ്രശ്നം ഒരുമിച്ച്‌ ചായ കുടിച്ച്‌ പരിഹരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് പിഴ ചുമത്തേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും, കേസിലെ കക്ഷികള്‍ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാനില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. കക്ഷികളുടെ വാശിയാണ് ഒരു നിസ്സാര പ്രശ്നത്തെ ഇത്രയും ദൂരം എത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു.

അയല്‍വാസിയുടെ തെങ്ങ് തനിക്കും കുടുംബത്തിനും വലിയ അപകട സാധ്യതയും നഷ്ടവും ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ശക്തമായ കാറ്റില്‍ തെങ്ങ് തന്റെ വീട്ടിലേക്ക് മറിയാൻ സാധ്യതയുണ്ടെന്നും വീഴുന്ന തേങ്ങകള്‍ വാഹനങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചു.വിഷയത്തില്‍ വിവിധ തലങ്ങളില്‍ അധികൃതർ സ്വീകരിച്ച നടപടികള്‍ കോടതി വിലയിരുത്തി. പഞ്ചായത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എതിർ കക്ഷി തെങ്ങ് കമ്പി കൊണ്ട് വലിച്ച്‌ കെട്ടുകയും തലപ്പത്ത് വല സ്ഥാപിക്കുകയും ചെയ്തിരുന്നു. അപകട സാധ്യത ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനും നിർദേശങ്ങള്‍ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതില്‍ ഹർജിക്കാരൻ തൃപ്തനായില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. ഇതിനുള്ള പ്രതിഫലമായി ഒരു ലക്ഷം രൂപ വഹിക്കാനും ഹർജിക്കാരൻ തയ്യാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും അത് സുരക്ഷിതമായി വലിച്ചുകെട്ടിയിട്ടുണ്ടെന്നും തേങ്ങകള്‍ നിലത്ത് പതിക്കാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ ചിത്രങ്ങള്‍ സഹിതം റിപ്പോർട്ട് നല്‍കി. എന്നിട്ടും തെങ്ങുകയറ്റക്കാരൻ വെട്ടിയിട്ട ഓലകള്‍ തന്റെ പറമ്പിലേക്ക് വീണു എന്നാരോപിച്ച്‌ ഹർജിക്കാരൻ വീണ്ടും വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കി. തെങ്ങിന് ചിരിക്കാൻ കഴിവുണ്ടായിരുന്നെങ്കില്‍ ഈ തർക്കം കണ്ട് അത് ചിരിക്കുമായിരുന്നു. സ്വയം നിലംപതിക്കാൻ സാധിച്ചിരുന്നെങ്കില്‍ അതു ചെയ്ത് ഈ തർക്കം ഒഴിവാക്കുമായിരുന്നുവെന്നും കോടതി പരാമർശിച്ചു.