Spread the love

കൊച്ചി : നടൻമാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നല്‍കിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍.

video
play-sharp-fill

നടിക്കെതിരെ ബന്ധുവായ യുവതി നല്‍കിയ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയില്‍ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. സംഭവം നടക്കുമ്ബോള്‍ തനിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും സിനിമ ഓഡിഷനെന്നു പറഞ്ഞു ചെന്നൈയിലേക്കു കൊണ്ടുപോയെന്നു യുവതി പറയുന്നു. ഓഡിഷനെന്നു പറഞ്ഞ് ഒരു സ്ഥലത്തു കൊണ്ടുപോയെന്നും അവിടെയുണ്ടായിരുന്ന പുരുഷന്മാർ തന്നെ തൊടുകയും മറ്റും ചെയ്തെന്നും യുവതി പറഞ്ഞു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താല്‍ മതി, അവർ നല്ലപോലെ നോക്കുമെന്ന് നടി തന്നോടു പറഞ്ഞതായും യുവതി പറഞ്ഞു. ‌ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച നടി, പരാതി ഉന്നയിച്ച യുവതിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ വിഷയത്തിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

തനിക്കെതിരെ ഏതൊക്കെ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് അറിയില്ലെന്ന് നടി പറഞ്ഞു. പൊലീസിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവരാവകാശ പ്രകാരം വിവരം തേടിയെങ്കിലും ലഭിച്ചില്ല. തനിക്കു നേരെ ഉയർന്നിട്ടുള്ള പരാതി വ്യാജമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഒട്ടേറെ പ്രമുഖർക്കെതിരെ താൻ വെളിപ്പെടുത്തല്‍ നടത്തുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ട്. പരാതിക്കാരിയും അന്വേഷണ ഏജൻസിയും ചേർന്ന് തന്നെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. തനിക്ക് അറിയുക പോലുമില്ലാത്ത ഏതെങ്കിലും കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് അടിയന്തരമായി തടയണമെന്നും ഹർജിയില്‍ പറയുന്നു.