play-sharp-fill
നിയന്ത്രണം വിട്ട സ്‌കൂൾ ബസ് ഇടിച്ച് അയ്മനത്ത് കാൽനടയാത്രക്കാരൻ മരിച്ചു: മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

നിയന്ത്രണം വിട്ട സ്‌കൂൾ ബസ് ഇടിച്ച് അയ്മനത്ത് കാൽനടയാത്രക്കാരൻ മരിച്ചു: മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

അപ്‌സര കെ.സോമൻ

കോട്ടയം: നിയന്ത്രണം വിട്ട സ്‌കൂൾ ബസ് ഇടിച്ച് അയ്മനത്ത് കാൽ നടയാത്രക്കാരൻ മരിച്ചു. അയ്മനം പാണ്ഡവത്ത് വാടകയ്ക്കു താമസിക്കുന്ന തലയോലപ്പറമ്പ് മിഠായിക്കുന്നിൽ മഞ്ചരി ഹൗസിൽ ഗോപാലകൃഷ്ണ(70)നാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഗോപാലകൃഷ്ണൻ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്.


മാസങ്ങളായി അയ്മനം പാണ്ഡവത്ത് വാടകയ്ക്കു താമസിക്കുകയാണ് ഗോപാലകൃഷ്ണൻ. ഇവിടെ നിന്നും വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്ന ശീലമുണ്ട് ഇദ്ദേഹത്തിന്. തിങ്കളാഴ്ച വൈകിട്ടും ഇദ്ദേഹം നടക്കാൻ പോയിരുന്നു. ഇതിനിടെ അയ്മനം ഭാഗത്തു നിന്നും എത്തിയ എസ്.എച്ച് പബ്ലിക്ക് സ്‌കൂളിന്റെ വാഹനം ഇദ്ദേഹത്തെ ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ ബോധരഹിതനായി വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് തലയോലപ്പറമ്പിൽ നിന്നും മകൻ അടക്കമുള്ളവർ എത്തിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കയറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. സംഭവത്തിൽ ബസ് ഡ്രൈവറോട് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇയാൾ സ്‌റ്റേഷനിൽ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അപകടത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.