തിരുവഞ്ചൂർ പൂവത്തുമ്മൂട്ടിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; കാലും തലയും തകർന്നു മരിച്ചത് കിടങ്ങൂർ സ്വദേശി; അപകടം വെള്ളിയാഴ്ച രാത്രിയിൽ; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ടോറസ് ലോറികൾക്കു നിരോധനം ഏർപ്പെടുത്തിയ ദിവസം തന്നെ ജില്ലയിൽ ടോറസ് ലോറി അപകടം. നിയന്ത്രണം വിട്ട ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ഷാപ്പ് ജീവനക്കാരനാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനെ വണ്ടി മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോകുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂവത്തുമ്മൂട് ഷാപ്പിലെ ജീവനക്കാരനായ കിടങ്ങൂർ കറുത്തേടത്ത് സജി കുമാറാണ് (45)മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 9.45 പൂവത്തുമ്മട് കിണറ്റുമ്മൂടിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ടോറസ് ലോറിയിൽ , എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുകയായിരുന്ന സജി സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തന്നെ ലോറിയ്ക്കടിയിലേയ്ക്കു മറിയുകയായിരുന്നുവെന്നു സംശയിക്കുന്നതായി നാട്ടുകാർ പൊലീസിനു മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ ടോറസിന്റെ ടയറിന്റെ അടിയിൽ കുടുങ്ങിയ ബൈക്കിനെ മീറ്ററുകളോളം ലോറി വലിച്ചിഴച്ചു കൊണ്ടു പോയി. റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്കിനും ലോറിയ്ക്കും ഇടയിൽ കുടുങ്ങിയ സജിയ്ക്കു സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നതിനിടെ, ടോറസ് ഡ്രൈവർ ഓടിരക്ഷെപെട്ടു. തുടർന്ന്, നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. തുടർന്നു, അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് സജിയെ മെഡിക്കൽ കോളേജിലേയ്ക്കു കൊണ്ടു പോയത്. ഇതിനിടെ തന്നെ മരണം സംഭവിച്ചിരുന്നു. ഏറ്റുമാനൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു.