
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി. ഇനി അറിയേണ്ടത് ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യും എന്നതാണ്.
ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ പുതിയ ഫോർമുല മുന്നോട്ടുവെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കുകയാണെങ്കില്‍ ധനവകുപ്പ് വേണമെന്ന നിലപാടിലാണ് സതീശനെന്നാണ് വിവരം.
അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാൻ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം. ആഭ്യന്തരവകുപ്പില്‍ രമേശ് ചെന്നിത്തല കടുംപിടിത്തം തുടരുന്നതോടെയാണ് സതീശൻ പുതിയ ഫോർമുല മുന്നോട്ടുവെച്ചത്.
ആഭ്യന്തരമില്ലെങ്കില്‍ ധനകാര്യം വേണമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സതീശൻ നിലപാടെടുത്തതായാണ് റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കുന്നതില്‍ സതീശന് പൂർണ തൃപ്തിയില്ല. എന്നാല്‍, മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടർന്ന് ചെന്നിത്തല പരിഭവം തുടരുന്ന പശ്ചാത്തലത്തില്‍ സതീശന് വിട്ടുകൊടുക്കേണ്ടിവരും.
കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ പ്രശ്‌നപരിഹാരം കണ്ടെത്താനായിരിക്കും സതീശന്റെ ശ്രമം. അങ്ങനെ വരുമ്പോള്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്‍കി ധനകാര്യം സതീശൻ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാമെന്ന സന്നദ്ധതയാണ് നേരത്തേ രമേശിന്റെ ക്യാമ്പ് അറിയിച്ചിരുന്നത്. ആഭ്യന്തരത്തിന് പകരം ധനകാര്യം വാഗ്ദാനം ചെയ്തേക്കുമെന്നും വിവരമുണ്ട്. അത് രമേശിന് സ്വീകാര്യമാകുമോയെന്ന് വ്യക്തമല്ല. ഉമ്മൻചാണ്ടിയോടൊപ്പം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തിന് ജൂനിയറായ സതീശന്റെ മന്ത്രിസഭയില്‍ ആഭ്യന്തരത്തിനെക്കാള്‍ പ്രാധാന്യം കുറഞ്ഞ വകുപ്പ് എങ്ങനെ സ്വീകാര്യമാകുമെന്ന ചോദ്യമാണ് രമേശിനൊപ്പമുള്ളവർ ഉയർത്തുന്നത്.







