
പത്തനംതിട്ട: പഠിയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിൽ 17 കാരനെ ക്രൂരമായി മർദ്ദിച്ച ചെന്നീർക്കര വെട്ടോലിമലയിലെ ‘സ്നേഹതണൽ’ വൃദ്ധസദനത്തിലെ ജീവനക്കാർക്കെതിരേ വീണ്ടും പരാതി.
മറ്റൊരു അന്തേവാസിയായിരുന്ന 15-കാരനാണ് മാനേജരും ജീവനക്കാരും ചേർന്ന് മർദിച്ചെന്ന് വെളിപ്പെടുത്തിയത്. എരുമേലി സ്വദേശിയായ കുട്ടി തനിക്കുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കി ചൈൽഡ് ലൈനിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്ഥാപന മാനേജർ റെജി, ജീവനക്കാരൻ സിജോ, പാചകക്കാരൻ ബെന്നി എന്നിവർക്കെതിരേ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.
വൃദ്ധസദനത്തിന്റെ മറവിൽ കുട്ടികളെയും പാർപ്പിച്ചിരുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഭക്ഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചും നിസ്സാരകാര്യങ്ങൾക്കും റെജി,സിജോ,ബെന്നി എന്നിവർ ചേർന്ന് ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ ഇടപെടലിലൂടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ചൈൽഡ്ലൈൻ അധികൃതർ ഇലവുംതിട്ട പോലീസിന് വിവരം കൈമാറുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17-കാരന്റെ മർദനവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട അതേ ആളുകൾതന്നെയാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. വൃദ്ധസദനത്തിന്റെ ലൈസൻസും പ്രവർത്തനരീതികളും സംബന്ധിച്ചും വലിയതോതിലുള്ള അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
വൃദ്ധർക്കൊപ്പം കുട്ടികളെയും ഒരേ കെട്ടിടത്തിൽ താമസിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. സോഷ്യൽ വെൽഫെയർ വകുപ്പിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്നും, പരാതിയിൽ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുമെന്നും ഇലവുംതിട്ട പോലീസ് അറിയിച്ചു.







