കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസിന്റെ അമിത വേഗം: റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; പാലാ ഇല്ലിക്കൽ സ്വദേശി രക്ഷപെട്ടത് അത്ഭുതകരമായി
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബൈക്ക് പുർണമായും തകർന്നെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് ഇദേഹം രക്ഷപെട്ടത്.
ശാസ്ത്രി റോഡിൽ , ലോഗോസ് ജംഗ്ഷനിലേയ്ക്കുള്ള കയറ്റത്തിന്റെ ആരംഭത്തിലുണ്ടായ അപകടത്തെ തുടർന്ന് ശാസ്ത്രി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഇല്ലിയ്ക്കൽ കൊന്നയ്ക്കൽ വീട്ടിൽ അജിത്ത് (21) ആണ് അപകടത്തിൽ നിനും അത്ഭുതകരമായി രക്ഷപെട്ടത്. കോട്ടയം – പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ലാൽ ബ്രദേഴ്സ് ബസാണ് അപകടത്തിനിടയാക്കിയത്.
ശാസ്ത്രി റോഡിലെ കയറ്റത്തിന് സമീപത്ത് വാഹനം നിർത്തിയ ശേഷം ഫോൺ ചെയ്യുകയായിരുന്നു അജിത്ത്. ഈ സമയം പിന്നിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബസ് അജിത്തിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും അജിത്ത് തെറിച്ച് സമീപത്തെ പുല്ലിന് മുകളിലേയ്ക്ക് വീണു.
ഇതുവഴി കടന്നു പോയ യാത്രക്കാർ ചേർന്ന് ഓടിയെത്തി അജിത്തിനെ രക്ഷിച്ചു. തുടർന്ന് , പിടിച്ചെഴുന്നേൽപിച്ചു. അപകടത്തെ തുടർന്ന് ബസ് സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരെ മുഴുവൻ മറ്റൊരു ബസിൽ കയറ്റി വിട്ടു. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.