
ഡൽഹി: ട്രെയിൻ യാത്രകളില്‍ ഇനി നിയമം തെറ്റിച്ചാല്‍ കൈപൊള്ളും. റെയില്‍വേ നിയമത്തിലെ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ കൂട്ടി.
ടിക്കറ്റില്ലാത്ത യാത്ര, റിസർവ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, റെയില്‍വേ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കാണ് ജൂലൈ മുതല്‍ ഭീമമായ തുക പിഴയായി ഈടാക്കുക.
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി, പകരം സാമ്പത്തിക പിഴ ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ജൻ വിശ്വാസ് (ഭേദഗതി) ആക്ട്, 2026’ ന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.
പ്രധാന മാറ്റങ്ങള്‍
ടിക്കറ്റില്ലാത്ത യാത്രയ്ക്ക് കുറഞ്ഞത് 500 രൂപ പിഴ: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും (റെയില്‍വേ ആക്ട് സെക്ഷൻ 137).
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേഡീസ് കോച്ചില്‍ കയറിയാല്‍ 2500 രൂപ പിഴ: വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാല്‍ റെയില്‍വേ ആക്ട് സെക്ഷൻ 162 പ്രകാരം 2500 രൂപ പിഴയടക്കേണ്ടി വരും. റെയില്‍വേ ഉദ്യോഗസ്ഥർക്ക് ഇവരെ ഉടൻ തന്നെ കോച്ചില്‍ നിന്നും പുറത്താക്കാനും അധികാരമുണ്ട്.
കോടതിയിലെത്തിയാല്‍ പിഴ ഇരട്ടി: ലേഡീസ് കോച്ചില്‍ കയറിയതിനുള്ള പിഴ റെയില്‍വെയ്ക്ക് ഒടുക്കാൻ തയ്യാറാകാത്ത പക്ഷം കേസ് കോടതിയിലേക്ക് കൈമാറും. കോടതിയിലെത്തിയാല്‍ പിഴത്തുക 5000 രൂപ വരെയായി ഉയരാം. അതേസമയം, ട്രാൻസ്ജെൻഡർ വ്യക്തികളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയില്‍വേ സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് പിഴത്തുകകള്‍ കുത്തനെ ഉയർത്തിക്കൊണ്ടുള്ള ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.







