
കോട്ടയം: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഹോട്ടലുകളിലും ബജിക്കടകളിലും രാത്രികാലങ്ങളിൽ പ്രവര്ത്തിക്കുന്ന തട്ടുകടകളിലും ഓപ്പറേഷന് മണ്സൂണ് പരിശോധന ശക്തമാക്കി.
ഭക്ഷ്യവിഷബാധയേറ്റു യുവാവ് മരിച്ചതിനു പുറമെ കോട്ടയം നഗരത്തിൽ പ്രവര്ത്തിക്കുന്ന ഹോട്ടലും ഭക്ഷ്യവിഷബാധയെ തുടര്ന്ന് ആരോഗ്യവിഭാഗം അടച്ചുപൂട്ടിയിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളില്നിന്നു പഴകിയ ഭക്ഷണവും പിടിച്ചിരുന്നു. റെയില്വേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയന് ഹോട്ടലാണ് നഗരസഭയുടെ ശുചിത്വ പരിപാലന നിബന്ധനകള് പാലിക്കാത്തതിനെ തുടര്ന്ന് 25,000 രൂപ പിഴ ചുമത്തി താത്കാലികമായി പൂട്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നടത്തിയ പരിശോധനയില് ശുചിത്വ പരിപാലന നിബന്ധനകളില് 12 എണ്ണം പാലിച്ചില്ലെന്ന് നഗരസഭ ഹോട്ടല് ഉടമയ്ക്ക് നല്കിയ നോട്ടീസില് പറയുന്നു.
ന്യൂനതകള് ഏഴ് ദിവസത്തിനകം പരിഹരിച്ച് രേഖാമൂലം ഓഫീസില് അറിയിച്ചില്ലെങ്കില് തുടര് നടപടികള് സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഭക്ഷ്യവിഷബാധ ചൂണ്ടിക്കാട്ടി അഞ്ച് സ്ത്രീകളാണ് പരാതി നല്കിയത്. ഇതോടെയാണ് മറ്റു കടകളിലേക്കു പരിശോധനകള് വ്യാപിപ്പിക്കുന്നത്. നഗരത്തില് ബജിക്കടകള്ക്ക് അനുവദിച്ചിരിക്കുന്ന സമയം വൈകുന്നേരം നാലു മുതല് എട്ടു വരെയും തട്ടുകടകളുടെ സമയം രാത്രി എട്ടു മുതല് 12 വരെയുമാണ്.
രണ്ടു വിഭാഗങ്ങളും സമയക്രമം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മിക്ക ബജിക്കടകളും ഉച്ചയ്ക്കു മുമ്പായി പ്രവര്ത്തനം ആരംഭിക്കും, രാത്രി ഏറെ വൈകിയാണു മിക്കതും അടയ്ക്കുക. പലയിടങ്ങളിലും ബജിക്കടകള് ഗതാഗത തടസത്തിനു കാരണമാകുന്നുണ്ട്. ചെറുകടിയും ചായയും കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതിനാല് കൂടുതല് പേര് വാഹനങ്ങളില് എത്തുന്നതോടെ തിരക്കു വര്ധിക്കും.
വിവിധ നഗരങ്ങളിലെ ഭൂരിഭാഗം തട്ടുകടകളും രാത്രി ഏഴോടെ പ്രവര്ത്തനം ആരംഭിക്കും. എല്ലാ തട്ടുകടകളും നടപ്പാതകളിലും മൈതാനങ്ങളോടു ചേര്ന്നുള്ള ഭാഗങ്ങളിലുമായി തിരക്കേറിയ സ്ഥലങ്ങളിലാണ് പ്രവര്ത്തിക്കുന്നത്. പ്രവര്ത്തനം ആരംഭിക്കുന്നതിനു മണിക്കൂറുകള്ക്കു മുമ്പേ കസേരയും മേശയും നിരത്തി കാല്നടയാത്രക്കാര്ക്കും ബുദ്ധിമുട്ടുണ്ടാക്കും.
കോട്ടയം കെഎസ്‌ആര്ടിസി സ്റ്റാന്ഡിനു സമീപം, തിരുനക്കരയുടെ വിവിധ ഭാഗങ്ങള്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില് നടപ്പാതയിലാണു തട്ടുകടകളുടെ പ്രവര്ത്തനം. ഇതോടെ യാത്രക്കാര് വഴിയിലിറങ്ങി നടക്കേണ്ടി വരും. രാത്രി വൈകിയും പ്രവര്ത്തിക്കുന്ന ചില തട്ടുകടകള് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
ലഹരി ഇടപാടുകളും പരസ്യ മദ്യപാനവുമൊക്കെ ഇത്തരം തട്ടുകടകളില് നടക്കാറുമുണ്ട്. പോലീസിന്റെ മുന്നറിയിപ്പും നിര്ദേശവും പാലിക്കാതെയാണ് ഇവ പ്രവര്ത്തിക്കുന്നത്. പരിശോധനകള് ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്ഥലത്തും ഓടിയെത്താന് ഉദ്യോഗസ്ഥര്ക്കു സാധിക്കുന്നില്ല.







