Spread the love

കോട്ടയം: ഒരു സ്കൂള്‍ കുട്ടിയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരുടെ മനസ്സ് നിറച്ചിരിക്കുകയാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിലെ സാധാരണ യാത്രകള്‍ എങ്ങനെയാണ് പരസ്പര കരുണയുടെയും സ്നേഹത്തിന്റെയും നിമിഷങ്ങളായി മാറുന്നത് എന്ന് കാണിക്കുന്നതാണ് ഈ ചെറിയ വീഡിയോ.
എക്സ് (X) പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കപ്പെട്ട വീഡിയോയില്‍, ഒരു ചെറിയ കുട്ടി തന്റെ അനിയത്തിയെ സ്കൂളില്‍ കൊണ്ടാക്കാനായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നത് കാണാം. അനിയത്തിയുടെ അതേ സ്കൂളില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഇവർക്കൊപ്പം ഓട്ടോയുടെ പിൻസീറ്റില്‍ ഉണ്ടായിരുന്നു.

video
play-sharp-fill

സ്കൂളില്‍ എത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികളും വണ്ടിയില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടന്നു. എന്നാല്‍ ആണ്‍കുട്ടി എല്ലാവരുടെയും യാത്രാക്കൂലി നല്‍കാനായി വണ്ടിയില്‍ തന്നെ തുടർന്നു. അവൻ പണം എടുത്തു കൊടുത്തപ്പോള്‍, രണ്ട് പെണ്‍കുട്ടികളും അവന്റെ സഹോദരിമാരാണോ എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു.
അതില്‍ ഒരാള്‍ മാത്രമാണ് തന്റെ അനിയത്തിയെന്നും മറ്റേ പെണ്‍കുട്ടിക്ക് സ്കൂളില്‍ പോകാൻ വൈകുന്നത് കണ്ടപ്പോള്‍ തങ്ങള്‍ക്കൊപ്പം കൂട്ടിയതാണെന്നും ആ കുട്ടി വളരെ വിനയത്തോടെ മറുപടി നല്‍കി.

കുട്ടിയുടെ കരുണയും ഉത്തരവാദിത്തബോധവും ഓട്ടോ ഡ്രൈവറുടെ മനസ്സ് തൊട്ടു. അതോടെ അവനില്‍ നിന്നും പണം വാങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. പണം വാങ്ങാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം, എപ്പോഴും സന്തോഷത്തോടെയിരിക്കാൻ കുട്ടിയെ ആശീർവദിക്കുകയും ആ പണം ഉപയോഗിച്ച്‌ എന്തെങ്കിലും വാങ്ങി അനിയത്തിയുമായി പങ്കിട്ടു കഴിക്കാൻ പറയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കുട്ടിക്കാലത്ത് അപരിചിതരായ ആളുകളോട് ലിഫ്റ്റ് ചോദിച്ച്‌ യാത്ര ചെയ്തിരുന്ന കാര്യങ്ങള്‍ ഈ നിമിഷം ഓർമ്മിപ്പിച്ചതായി ഡ്രൈവർ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. ആ കുട്ടികളുടെ സന്തോഷം കാണുന്നതാണ് തനിക്ക് ഏതൊരു പണത്തേക്കാളും വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ ഇന്റർനെറ്റില്‍ വൈറലായതോടെ ആണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും നന്മയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. “ഇത്ര ചെറിയ പ്രായത്തില്‍ തന്നെ അവൻ ഒരു മാതൃകാ പുരുഷനായി മാറിയിരിക്കുന്നു” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. “ഇത് കണ്ടപ്പോള്‍ എന്റെ സ്വന്തം കുട്ടിക്കാലമാണ് ഓർമ്മ വന്നത്” എന്ന് മറ്റൊരാളും കുറിച്ചു. സംഭവം നടന്നത് എവിടെയാണന്ന് വ്യക്തമല്ലെങ്കിലും നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിൽ കാണുന്ന കാഴ്ചകളാണിത്. പക്ഷേ സ്നേഹവും കരുണയുമെന്നും എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ആൺകുട്ടിയുടെ പക്വതയും വിനയവും സഹോദരിയെ സംരക്ഷിക്കാനുള്ള അവന്റെ പ്രവൃത്തിയും കണ്ടപ്പോഴാണ് ഓട്ടോ ഡ്രൈവർ കൂലി വേണ്ടന്നു വച്ചത്. ഓട്ടോ ഡ്രൈവറുടെ നല്ലമനസും ഇവിടെ കാണാതെ പോകരുത്.