Spread the love

കോതമംഗലം: പിറവത്ത് പുഴയില്‍ ചാടി ജീവനൊടുക്കിയെന്ന് കരുതുന്ന നിർധന കുടുംബത്തിന് അവസാന നിമിഷം വരെ താങ്ങായി നിന്നത് കോതമംഗലം പോലീസ്.
ഇവർക്കായി പുതിയൊരു വാടകവീട് ഒരുക്കി നല്‍കിയ ശേഷം, അവിടേക്ക് മാറ്റാനുള്ള അത്യാവശ്യം സാധനങ്ങളുമായി പോലീസ് ലോഡ്ജില്‍ എത്തിയപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തവാർത്ത പുറത്തുവരുന്നത്.

video
play-sharp-fill

പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗര സ്വദേശിയായ നാരായണനും (51) ഭാര്യ വിജിമോളും (44) രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ നാല് വർഷമായി ചെറുവട്ടൂരും പരിസരത്തുമായി വാടക വീടുകളിലായിരുന്നു താമസം. ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടകവീട് ഒഴിയേണ്ടി വരികയും പുതിയതൊന്ന് ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഒന്നര ആഴ്ച മുൻപ് ഇവർ കോതമംഗലം പോലീസിന്റെ സഹായം തേടിയത്.

കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ പോലീസ് സ്വന്തം ചെലവില്‍ ഇവർക്ക് ഹൈറേഞ്ച് ജങ്ഷന് സമീപത്തെ ലോഡ്ജില്‍ താത്കാലികമായി മുറിയെടുത്തു നല്‍കുകയായിരുന്നു. കുട്ടികള്‍ക്ക് വസ്ത്രവും ഭക്ഷണവും വാങ്ങി നല്‍കിയ പോലീസ്, ഫോണില്ലെന്ന് പറഞ്ഞ കുടുംബത്തിന് അത് വാങ്ങി നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിലെ പ്രാർഥനയ്ക്കിടെ ലഭിക്കുന്ന ചെറിയ തുകയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് പോലീസ് എസ്.എച്ച്‌.ഓ. പ്രശാന്ത്കുമാർ പറഞ്ഞു.
ഇതിനിടെ പോലീസ് ഇവർക്കായി പുതിയൊരു വാടകവീട് കണ്ടെത്തുകയും അവിടേക്ക് മാറാനുള്ള സാധനങ്ങളുമായി വ്യാഴാഴ്ച ലോഡ്ജില്‍ എത്തുകയുമായിരുന്നു.

എന്നാല്‍ ഇവർ രാവിലെ പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായി ലോഡ്ജ് ജീവനക്കാരൻ പോലീസിനെ അറിയിച്ചു.
വൈകീട്ടോടെ പിറവത്തുനിന്നുള്ള സ്ത്രീയുടെയും കുട്ടിയുടെയും ചിത്രങ്ങള്‍ പോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളില്‍ വന്നതോടെയാണ് പുഴയില്‍ ചാടിയത് ഈ കുടുംബമാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടാംക്ലാസ് വിദ്യാർഥിനിയായ ഹന്ന യു.കെ.ജി. മുതല്‍ ചെറുവട്ടൂർ സ്കൂളിലാണ് പഠിക്കുന്നത്.