
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഭരണത്തിലേറി ആറുമാസം പിന്നിടുമ്പോള്‍ ബി.ജെ.പി. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാന്‍ യു.ഡി.എഫ്.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാനൊരുങ്ങുമ്പോഴും മേയര്‍ വി.വി. രാജേഷ് തികഞ്ഞ ആത്മവിശ്വാസത്തില്‍. കാപ്പാ കേസില്‍ ബി.ജെ.പി. കൗണ്‍സിലര്‍ സുഗതന്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതിനപ്പുറം, കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ സാങ്കേതിക നിയമങ്ങള്‍ പരിശോധിച്ചാല്‍ അവിശ്വാസപ്രമേയം വഴി മേയറെ പുറത്താക്കുക അസാധ്യമാണെന്ന് വ്യക്തം. ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും കഴിയാത്തവിധം സാങ്കേതികമായി സുരക്ഷിതനാണ് മേയര്‍.
തദ്ദേശ സ്വയംഭരണ നിയമപ്രകാരം അവിശ്വാസപ്രമേയം പരിഗണിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ആകെ അംഗസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം പേര്‍ ഹാജരായിരിക്കണമെന്നാണ് വ്യവസ്ഥ. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ക്വാറം തികയണമെങ്കില്‍ കുറഞ്ഞത് 68 കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കണം. എന്നാല്‍ നിലവിലെ കക്ഷിനില പരിശോധിച്ചാല്‍ പ്രതിപക്ഷ നിര മുഴുവന്‍ ഒത്തൊരുമിച്ചാല്‍ പോലും ഈ സംഖ്യയിലേക്ക് എത്താനാകില്ല. ബി.ജെ.പി.ക്ക് തനിച്ച് 50 അംഗങ്ങളാണുള്ളത് (ജയിലിലുള്ള സുഗതന്‍ ഉള്‍പ്പെടെ). സ്വതന്ത്ര അംഗമായ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെ ഇത് 51 ആകുന്നു.
മറുപക്ഷത്ത് എല്‍.ഡി.എഫിന് 29 അംഗങ്ങളും യു.ഡി.എഫിന് 20 അംഗങ്ങളുമാണുള്ളത്.
കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ പിന്തുണയടക്കം പ്രതിപക്ഷ നിരയിലെ ആകെ വോട്ട് 50 മാത്രമാണ്. അവിശ്വാസപ്രമേയ ദിവസം ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ കൗണ്‍സിലിലെ പരമാവധി ഹാജര്‍ നില 50-ല്‍ ഒതുങ്ങും. അതായത്, ക്വാറത്തിന് ആവശ്യമായ 68 പേര്‍ തികയാത്തതിനാല്‍ അവിശ്വാസപ്രമേയം പരിഗണിക്കാനാകാതെ തള്ളിപ്പോകും. പ്രതിപക്ഷം ക്വാറം തികയ്ക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ച് പ്രമേയം വോട്ടിനിട്ടാല്‍ തന്നെയും മേയര്‍ വി.വി. രാജേഷിന് ഭീഷണിയില്ല. അവിശ്വാസം പാസാകാന്‍ 51 പേരുടെ പിന്തുണ വേണം. ജയിലിലുള്ള സുഗതന്‍ എത്തിയില്ലെങ്കില്‍ ബി.ജെ.പി.യുടെ ബലം 49 ആയി ചുരുങ്ങുമെങ്കിലും സ്വതന്ത്രന്റെ പിന്തുണയോടെ അത് 50 ആയി നിലനില്‍ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷത്ത് എല്‍.ഡി.എഫും യു.ഡി.എഫും വിമതരും കൈകോര്‍ത്താല്‍ പോലും വോട്ടുനില 50-50 എന്ന നിലയിലാകും തുല്യമാവുക. വോട്ടിങ് തുല്യമായാല്‍ അവിശ്വാസപ്രമേയം അസാധുവാകുമെന്നാണ് ചട്ടം. ഭരണപക്ഷത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന ഒരംഗം പോലും ഇപ്പുറത്ത് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് വിജയം അസാധ്യമാണ്. തങ്ങള്‍ക്കെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ അടുത്ത ആറുമാസത്തേക്ക് പുതിയ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നിയമപരമായി പ്രതിപക്ഷത്തിന് സാധിക്കില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ഈ നീക്കം ഭരണസമിതിക്ക് ആയുസ്സ് കൂട്ടുകയേ ഉള്ളൂ എന്ന തിരിച്ചറിവാണ് വി.വി. രാജേഷിന്റെയും ബി.ജെ.പി. നേതൃത്വത്തിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
പ്രതിപക്ഷം രാഷ്ട്രീയ പ്രചാരണത്തിനായി ഉയര്‍ത്തുന്ന ഈ പുകമറ സാങ്കേതികതയുടെയും നിയമത്തിന്റെയും വഴിയില്‍ തകര്‍ന്നടിയുമെന്ന ഉറപ്പ് ഭരണപക്ഷത്തിനുണ്ട്. പ്രതിപക്ഷം ഭിന്നിച്ചുനില്‍ക്കുന്നതും ഒരൊറ്റ കക്ഷിക്കും തനിയെ അവിശ്വാസത്തിന് നോട്ടീസ് നല്‍കാന്‍ പോലുമുള്ള അംഗബലമില്ലാത്തതും ബി.ജെ.പി.ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. നോട്ടീസ് നല്‍കാന്‍ 34 പേരുടെ ഒപ്പ് വേണമെന്നിരിക്കെ കോണ്‍ഗ്രസിന് (20) എല്‍.ഡി.എഫിന്റെ (29) സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല. ഈ ഭിന്നതകളും നിയമപരമായ സുരക്ഷിതത്വവും തന്നെയാണ് കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയറെ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നിലനിര്‍ത്തുന്നത്.







