
കൊച്ചി: ‘കലാച്ചി’ നോവലിനെ ചൊല്ലി ഉയർന്ന വിവാദത്തിൽ എഴുത്തുകാരി കെ.ആർ. മീര, എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം കെ.ആർ. മീര അറിയിച്ചത്. ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുകയും അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിനാലാണ് നിയമനടപടിക്ക് തുടക്കമിട്ടതെന്ന് മീര വ്യക്തമാക്കി.
അഡ്വ. എൻ. കെ. ഉണ്ണികൃഷ്ണൻ മുഖേനയാണ് ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് മീര പറഞ്ഞു. നോട്ടീസിൽ ആവശ്യപ്പെട്ട നടപടികൾ നിശ്ചിത സമയത്തിനകം ഹരിത സാവിത്രി സ്വീകരിക്കാത്ത പക്ഷം നീതിക്കായി കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു. ലീഗൽ നോട്ടീസിന് ഹരിത സാവിത്രി നൽകുന്ന മറുപടി ലഭിച്ചതിന് ശേഷം തുടർവിവരങ്ങൾ അറിയിക്കാമെന്നും മീര ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
‘കലാച്ചി’യും ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലും ഉള്ളടക്കത്തിൽ സാമ്യമുള്ളതാണെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമായത്. 2022-ൽ ‘സിൻ’ പുറത്തിറങ്ങിയപ്പോൾ, ‘കലാച്ചി’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2025-ലായിരുന്നു. എന്നാൽ ‘കലാച്ചി’ 2020 നവംബർ 16 മുതൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നുവെന്നും, ഇക്കാര്യം ബോധപൂർവം അവഗണിച്ചാണ് ആരോപണങ്ങൾ ഉയരുന്നതെന്നും കെ.ആർ. മീര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






