Spread the love

കൊച്ചി: പതിനാറുകാരനെ സ്റ്റേഷനിൽ വെച്ച് മർദിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അരുണ്‍ എ. എസിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ചിറ്റൂർ സ്വദേശി കിരണാണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. സ്റ്റേഷനിലെത്തിയ തന്നെ എസ്‌ഐ ക്രൂരമായി മർദിച്ചെന്നും അസഭ്യം പറയുകയും സ്റ്റേഷനിൽ നിന്ന് തള്ളിപ്പുറത്താക്കുകയും ചെയ്തതായാണ് കിരൺ പരാതിയിൽ ആരോപിക്കുന്നത്.

ഞാറക്കലിൽ ചെയ്ത ജോലിയുമായി ബന്ധപ്പെട്ട് ലഭിക്കാനുണ്ടായിരുന്ന പണം ആവശ്യപ്പെട്ടതിനെ തുടർന്ന് മർദനമേറ്റ സംഭവത്തിൽ പരാതി നൽകാനാണ് കിരൺ സ്റ്റേഷനിലെത്തിയത്. എതിർകക്ഷിയുടെ ഫോൺ നമ്പർ വാങ്ങിയ എസ്‌ഐ അവരുമായി സംസാരിച്ച ശേഷം പരാതി സ്വീകരിക്കാനാകില്ലെന്ന് അറിയിച്ചെന്നാണ് ആരോപണം. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എസ്‌ഐ മർദിച്ചതെന്നും, “നിന്റെ പരാതി തീർപ്പാക്കുന്നത് ഞാനാണ്, ഈ പരാതി എടുക്കുന്നില്ല” എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്.

video
play-sharp-fill

സംഭവത്തിന് പിന്നാലെ കിരൺ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് റൂറൽ എസ്‌പിക്ക് പരാതി നൽകുകയും ചെയ്തു. ഡിവൈഎസ്‌പി ഓഫീസിൽ മൊഴി നൽകിയിട്ടും ഇതുവരെ എസ്‌ഐക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ദിവസങ്ങൾക്ക് മുമ്പ് മുത്തശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16കാരനെ എസ്‌ഐ മുഖത്തടിച്ചെന്ന പരാതിയും വിവാദമായിരുന്നു. കേൾവിശക്തി കുറഞ്ഞ മുത്തശിക്ക് പകരം ചോദ്യത്തിന് മറുപടി പറഞ്ഞതിനാണ് കുട്ടിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുട്ടിയുടെ പിതാവ് ആഭ്യന്തരമന്ത്രി, ഹോം സെക്രട്ടറി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.