
സുൽത്താൻ ബത്തേരി: ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.
ഭൂരിഭാഗം റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത് കാരണം ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സർക്കാർ ബസുകളെ ആശ്രയിക്കുകയാണ്.
ഇതോടെ സ്വകാര്യ ബസുകൾ കാലിയായി ഓടേണ്ടി വരികയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിയിടാൻ ഒരുങ്ങുകയാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.
നിലവിൽ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകൾക്ക് കൈയിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്.
വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും അടിയന്തിരമായി പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
താളൂർ – സുൽത്താൻ ബത്തേരി റൂട്ടിൽ പത്ത് സ്വകാര്യ ബസുകൾ ഓടുമ്പോൾ 23 സർക്കാർ ബസുകളാണ് സർവീസ് നടത്തുന്നത്.
കൽപ്പന – മാനന്തവാടി റൂട്ടിലാകട്ടെ പത്ത് സ്വകാര്യ ബസുകൾ ഓടുന്നിടത്ത് 25 ലധികം സർക്കാർ ബസുകൾ 120 സർവീസുകൾ നടത്തുന്നു.
സുൽത്താൻ ബത്തേരി – മാനന്തവാടി റൂട്ടിൽ 21 സ്വകാര്യ ബസുകളുണ്ടെങ്കിലും പുൽപ്പള്ളി, നെല്ലിമ്പം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പനമരം,
കേണിച്ചിറ ടൗണുകളിൽ നിന്ന് ചെയിൻ സർവീസായി ഓടേണ്ടി വരുന്നത് വരുമാനത്തെ ബാധിക്കുന്നു. ഈ റൂട്ടിൽ 13 കെഎസ്ആർടിസി ബസുകളുമുണ്ട്. വടുവൻചാൽ –
മിംസ് ആശുപത്രി വഴി കൽപ്പന റൂട്ടിൽ പത്ത് സ്വകാര്യ ബസുകളും പത്ത് കെഎസ്ആർടിസി ബസുകളുമാണ് ഉള്ളത്.
സർക്കാർ ബസുകളിൽ ഏർപ്പെടുത്തിയ സീറോ ടിക്കറ്റിങ് പദ്ധതിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
കിലോമീറ്ററിന് 60 രൂപയെങ്കിലും സർക്കാർ സബ്സിഡിയായി നൽകിയാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി.







