
തൃശ്ശൂർ: ആളൂരിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ പോലീസ് ജീപ്പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്നത് അതിവേഗത്തിലും അശ്രദ്ധയിലുമായിരുന്നുവെന്ന് റിപ്പോർട്ട്.
ജൂൺ 15-ന് 11.35-നായിരുന്നു അപകടം. ആളൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനല്ല ഈ വാഹനം ഉപയോഗിച്ചതെന്നും വിവരമുണ്ട്. സംഭവത്തിൽ പോലീസ് ഡ്രൈവർ ശ്രീജിത്തിന്റെ പേരിൽ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. അറിയിച്ചു.
പരിക്കേറ്റ് റോഡിൽ കിടന്ന കുട്ടികളെ 15 മിനിറ്റ് കഴിഞ്ഞാണ് സ്വകാര്യവാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിനിടയാക്കിയത്. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥി ഗുരുതരാവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ മരിച്ച ജൂവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള തയ്യിൽ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കാവശ്യമായ അടിയന്തിര ധനസഹായം നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.







