Spread the love

പത്തനംതിട്ട : കാര്‍ ഓടിച്ച് പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് രക്ഷകരായി പൊലീസ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സ്വയം കാര്‍ ഓടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു മലയാലപ്പുഴ സ്വദേശി സോനു.പത്തനംതിട്ട കുമ്പഴയില്‍ എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് നിന്നു. സ്ഥലത്തുണ്ടായിരുന്ന പത്തനംതിട്ട കണ്‍ട്രോള്‍ റൂം പൊലീസ് സംഘം നോക്കുമ്പോള്‍ സ്റ്റിയറിങ്ങില്‍ തലതാഴ്ത്തി കിടക്കുന്ന അവസ്ഥയിലായിരുന്നു യുവാവ്. സുഖമില്ലെന്നും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

video
play-sharp-fill

ഛർദ്ദിച്ച് അവശനിലയിലായ സോനുവിനെ പൊലീസ് സംഘത്തിലുണ്ടായിരുന്ന ജോബിൻ ജോൺ, സജി ഇസ്മായിൽ, മുഹമ്മദ്‌ ഷഫീഖ് എന്നിവർ ചേർന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറ്റി പിൻസീറ്റിൽ കിടത്തി. കണ്‍ട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർ എഎസ്ഐ സജി ഇസ്മായിൽ കാർ വേഗത്തിൽ ഓടിച്ച് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ജോബിൻ ജോൺ പൊലീസ് വാഹനം ഓടിച്ചെത്തി, സിപിഒ മുഹമ്മദ് ഷഫീക്കും ഒപ്പമുണ്ടായിരുന്നു. മൂന്നു മിനിറ്റിനുള്ളിലാണ് കുമ്പഴയിൽ നിന്നും പൊലീസ് ഡ്രൈവർ സജി ഇസ്മായിൽ യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ ജീവൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.