
തിരുവനന്തപുരം: കെഎസ്ആർടിസിയില്‍ സ്ത്രീകള്‍ക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയില്‍ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകള്‍ ടിക്കറ്റ് തുക നല്കാൻ തയ്യാറായാലും വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. അത്തരത്തില്‍ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഓർഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഫാസ്റ്റ് ബസുകളെ തിരിച്ചറിയാനാണ് അവയില്‍ സ്റ്റിക്കറുകള്‍ പതിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്.
ഇതില്‍ ഒരൊറ്റ ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. പകരം, രണ്ട് സിറ്റി ഫാസ്റ്റ് ബസുകള്‍ ഓർഡിനറി ബസുകളാക്കി മാറ്റുകയുണ്ടായി. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ റൂട്ടുകളില്‍ ആണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 16-ന് മാത്രം 18.56 ലക്ഷം പേരാണ് ഓർഡിനറി ബസുകളില്‍ യാത്ര ചെയ്തത്. ഇതില്‍ 11.84 ലക്ഷം പേരും സ്ത്രീകളാണ്. ഈ ദിവസത്തെ സൗജന്യ യാത്രയുടെ ഭാഗമായി ഉണ്ടായ നഷ്ടം നികത്താൻ 2.46 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ കൈമാറണമെന്ന് മന്ത്രി വ്യക്തമാക്കി.







