
പത്തനംതിട്ട: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായുള്ള ബന്ധം തുടർന്നത് തന്റെ ദാമ്പത്യജീവിതം തകർത്തെന്ന യുവാവിന്റെ പരാതിയിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട കുടുംബക്കോടതി. മരട് സ്വദേശിയുടെ ഹർജിയിലാണ് മുൻഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്.
വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണമോ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം തിരികെ നൽകാനും കുടുംബക്കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടരുകയും, നേരത്തേ നടത്തിയ ഗർഭഛിദ്രത്തിന്റെ വിവരം മറച്ചുവെക്കുകയും ചെയ്തതായി യുവാവ് ഹർജിയിൽ ആരോപിച്ചു.
വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ് തകർത്തത് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. 2018 ജൂലൈയിൽ ഹർജി സമർപ്പിച്ച തീയതി മുതൽ 6 ശതമാനം പലിശയും നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിവാഹബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുന്ന മൂന്നാം കക്ഷികൾക്കെതിരെയും നിയമനടപടി സ്വീകരിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






