Spread the love

സംസ്ഥാനത്തെ നിപ വ്യാപന ആശങ്ക തുടരുന്നതിനിടെ നേരിയ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും, കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 35 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സർവ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദർശനം പൂർത്തിയായി. രോഗബാധിതൻ നിലവിൽ മെഡിക്കൽ കോളജിൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകുന്നതായിരിക്കും.