
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയ്‌ക്ക് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ മൂന്നുപേർ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഓഖ്‌ല ഫയർ സ്റ്റേഷൻ -1 പരിധിയിലുള്ള മദ്ധ്യം മാർഗിലെ നയാ താര അപ്പാർട്ട്മെന്റിന് സമീപമുള്ള ഗാലി നമ്പർ ഒന്നിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കെത്താനുള്ള വഴി ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന് താഴെ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ വിശദമായ പരിശോധന നടത്തുന്നുണ്ടെന്നും കൂടുതല്‍പേർ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.







