
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിർത്തല്‍ കരാറിന് ശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രായേലിനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഏകദേശം പത്ത് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാൻ വിക്ഷേപിച്ചതായി വിവരമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എല്ലാ മിസൈലുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഭാവിയില്‍ ഉണ്ടാകാവുന്ന കൂടുതല്‍ ആക്രമണങ്ങള്‍ നേരിടാൻ സൈന്യം പൂർണ സജ്ജമാണെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യമിട്ട പ്രദേശങ്ങള്‍, നാശനഷ്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലബനനില്‍ ഇസ്രായേല്‍ തുടരുന്ന സൈനിക നടപടികളും മേഖലയിലെ നാവിക ഉപരോധവുമാണ് ആക്രമണത്തിന് കാരണമായതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതല്‍ കടുപ്പിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനിടെ, “ഇന്ന് രാത്രി ടെഹ്‌റാൻ കത്തണം” എന്ന് ഇസ്രായേല്‍ മന്ത്രി ഇറ്റ്മർ ബെൻ ഗിവിർ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.







