Spread the love

മൂവാറ്റുപുഴ: ഭർത്താവുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്ന സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽപടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പ്രദേശത്തെ വീട്ടിൽ ഈ മാസം നാലിന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിനും കവർച്ചയ്ക്കും കാരണമായതെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ കവർന്നുകൊണ്ടുപോകുകയായിരുന്നു.

മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group