
തൃശൂർ: മണ്ണുത്തിയില്‍ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു.ഒല്ലൂക്കര ചെറുവാറയില്‍ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്.
രാത്രിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ കവർന്നത്.
കവർച്ച നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടില്‍ പോയിരുന്നു. മരുമകള്‍ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് പുറത്തെ ഗ്രില്‍ മാത്രമേ പൂട്ടിയിരുന്നുള്ളൂ. താഴത്തെ നിലയില്‍ കിടന്നുറങ്ങുമ്പോള്‍ കയ്യില്‍ എന്തോ തട്ടുന്നതുപോലെ തോന്നി. കണ്ണുതുറന്നപ്പോള്‍ ഉയരം കുറഞ്ഞ്, വണ്ണമുള്ള ഒരാളെ കണ്ടു. നിലവിളിച്ചപ്പോള്‍ തലയിണ വെച്ച് മുഖത്തേക്ക് അമർത്തി. കുതറിമാറാൻ ശ്രമിച്ചിട്ടും നടന്നില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അലമാരി തുറന്ന് വാരിവലിച്ചിടുകയായിരുന്നു. ആളുകളെ തിരിച്ചറിയാനായില്ല. ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് സംശയം.
കഴുത്തില്‍ രണ്ട് പവനോളം വരുന്ന മാലയും കയ്യില്‍ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കള്‍ വലിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്തു. വായില്‍ ഒരു തുണി തിരുകി തന്നെ കെട്ടിയിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ ആരെയും കണ്ടില്ല. അതോടെ വീടിന് പുറത്തിറങ്ങുകയും പിന്നീട് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നുവെന്നും സോമശേഖരൻ പറഞ്ഞു.
സംഭവമറിഞ്ഞ് മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയുള്ള സംഘം തെളിവ് ശേഖരണം നടത്തിവരികയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.







