
ഡൽഹി: ജപ്പാനിലെ ‘റെന്റ്-എ-ബോയ്ഫ്രണ്ട്’ എന്ന ആശയം ഇന്ത്യയിലും ചർച്ചയാകുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഇഷ ഭല്ലയാണ് ‘കോപാർട്ണർ’ എന്ന വെബ്സൈറ്റ് വഴി ഒരു പുരുഷ കൂട്ടാളിയെ വാടകയ്ക്ക് എടുത്ത് ഷോപ്പിംഗ് മാളില്‍ ഒരു ദിവസം ചെലവഴിച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ജപ്പാനില്‍ വൈറലായ ഈ ആശയം ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ലഭ്യമാണ്. ഷോപ്പിംഗ്, യാത്രകള്‍, സിനിമാ കാണല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഈ റെന്റ്-എ-ബോയ്ഫ്രണ്ട് സൗകര്യം ഉപയോഗിക്കാം. കോപാർട്ണർ.ഇൻ (Kopartner.in) എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. ഷോപ്പിംഗ് ബഡ്ഡി, മൂവി പാർട്ണർ, ട്രാവല്‍ പാർട്ണർ, എല്‍ഡർ കെയർ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഈ വെബ്സൈറ്റില്‍ പ്രൊഫൈല്‍ നിർമ്മിച്ച ശേഷം ആവശ്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാം. പ്രായമായവരുടെ പരിചരണം, ഒന്നിച്ച് കറങ്ങാൻ പോകുക (Hanging Out), ക്ലബ്ബിംഗ്, സിനിമ കാണാൻ ഒപ്പം വരിക, ഷോപ്പിംഗ് ബഡ്ഡി, മെഡിക്കല്‍ സപ്പോർട്ട്, യാത്രാ പങ്കാളി തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാണ്.
മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് വെച്ചാണ് ഈഷ താൻ ബുക്ക് ചെയ്ത പങ്കാളിയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മാളിലേക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളില്‍ വെച്ച് തന്റെ ഷോപ്പിംഗ് ബാഗുകള്‍ ചുമക്കാനും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും അയാള്‍ സഹായിച്ചതായി യുവതി പറയുന്നു. തന്റെ മുൻകാമുകനെ ഓർത്ത് സങ്കടപ്പെട്ടപ്പോള്‍ അയാള്‍ തന്നെ ആശ്വസിപ്പിക്കാനും തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാനും ശ്രമിച്ചുവെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സുഹൃത്തോ പങ്കാളിയോ ഒപ്പമുണ്ടെങ്കില്‍ എങ്ങനെയിരിക്കുമോ അതുപോലെയായിരുന്നു ആ അനുഭവമെന്നും, മടങ്ങുന്നതിന് മുൻപ് ഈ സേവനത്തിനുള്ള പണം നല്‍കിയതായും ഈഷ കൂട്ടിച്ചേർത്തു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബെംഗളൂരു, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണെന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. പൂർണ്ണമായും വെരിഫൈഡ് ആയ പ്രൊഫഷണലുകളെയാണ് സുരക്ഷിതമായി ഇതിനായി നല്‍കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.







