
രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ഒരാഴ്ച കൂടി കാത്തിരിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. രാജി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം എന്ന മുന്നറിയിപ്പ് നല്‍കിയാണ് ഇന്നത്തെ സമരം അവസാനിപ്പിച്ചത്. ‘സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധം എന്നായിരുന്നു പരിഹാസം. ഇതാ ഒരു വലിയ പ്രതിഷേധമായി ഇത് മാറിയിരിക്കുന്നു. പ്രതിഷേധം മുന്നോട്ട് പോകും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കള്‍ നിര്‍ഭയരാണ്’, അഭിജീത് പറഞ്ഞു. ഉന്നയിക്കുന്ന ആവശ്യത്തിനായി താനെല്ലാം നല്‍കാന്‍ തയ്യാര്‍ എന്നും അഭിജീത് പറഞ്ഞു.
നിരവധി പേരാണ് സിജെപിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനായി ജന്തര്‍ മന്തറില്‍ അണിനിരന്നത്. അതേസമയം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയെലെടുത്തു. സിജെപിയെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആറ് പേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സ്ഥലത്ത് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം.
അതേസമയം സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജയ്ക്ക് നേരെ ആക്രമണമുണ്ടായതും പ്രതിഷേധത്തെ മങ്ങലേല്‍പ്പിച്ചു. സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവര്‍ തള്ളിയിട്ടെന്നാണ് ആനി രാജയുടെ ആരോപണം. ആനി രാജയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







