
കോട്ടയം :യുകെ യിലെ കര്‍ശനമായ കുടിയേറ്റ-വിസ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികളും നേരിടുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എംപി വിദേശകാര്യ മന്ത്രി മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെ ഭരണകൂടം വിസാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ശമ്പള പരിധി ഉയര്‍ത്തുകയും ചെയ്തു.
ആശ്രിതര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നതായി ജോസ് കെ. മാണി കത്തില്‍ ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോയിരുന്ന ഏകദേശം 51,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ഇതില്‍ ഭൂരിഭാഗം മലയാളികളുമുണ്ട്.
യുകെയില്‍ നിന്ന് മടങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും യുകെയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും വലിയ സംഭാവന നല്കിയവരാണ്.
പുതിയ നയപരിഷ്കാരങ്ങള്‍ അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയതായി ജോസ് കെ. മാണി പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനായി യുകെ ഭരണകൂടവുമായി ഉചിതമായ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ പുനരധിവാസത്തിനും ഉല്‍പ്പാദനപരമായ സാമൂഹിക-സാമ്പത്തിക സംയോജനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം.
തൊഴില്‍, സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിച്ച് മടങ്ങിയെത്തുന്ന യുവാക്കളുടെ കഴിവുകള്‍ രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







