
കോട്ടയം: ലഹരി ഉപയോഗവും പുകയില ഉപഭോഗവും സമൂഹത്തിന് ഗുരുതര വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, ലഹരിക്കെതിരായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം ബസേലിയോസ് കോളജിൽ നടന്ന ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വിപത്തിനെ നിസാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും കുട്ടികൾ പോലും പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപനയെ കാണുന്ന സാഹചര്യം സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു. വളർന്നുവരുന്ന തലമുറയെ തകർക്കുന്ന മഹാവിപത്താണ് ലഹരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച ജീവനക്കാർക്ക് മെമന്റോകൾ സമ്മാനിക്കുകയും ആരോഗ്യവകുപ്പ് തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്യുകയും ചെയ്തു.
നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിച്ച ആദ്യ നൂറ് സ്കൂളുകൾക്ക് ഡെപ്യൂട്ടി കളക്ടർ സജിത് നാസർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബസേലിയോസ് കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.വി. കൃഷ്ണരാജ് പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിന് കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







