Spread the love

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ഒരു തുടക്കം മാത്രമോ?
പത്തു വര്‍ഷം അധികാരത്തിലിരുന്നു കാട്ടിയ അഴിമതിക്കഥകള്‍ ഒന്നൊന്നായി എന്നെങ്കിലും പരിശോധിക്കപ്പെടുമോ ?

video
play-sharp-fill

സി.എം.ആര്‍.എല്‍. മാസപ്പടി കേസിലാണ് നിലവില്‍ പിണറായി വിജയന്റെ വീട്ടിലും മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വീട്ടിലടക്കം കേരളത്തില്‍ പത്തിടത്തും കേരളത്തിന് പുറത്ത് 2 ഇടത്തും ഇഡി നടത്തിയ പരിശോധന സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

പതിവുപോലെ അണികളെ തെരുവിലിറക്കി ഇ.ഡി. അന്വേഷണത്തെ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമമെങ്കിലും അത് പണ്ടത്തെപ്പോലെ ഫലിക്കുന്ന ലക്ഷണമല്ല രാവിലെ മുതല്‍ കാണുന്നത്.
റെയ്ഡിനെ കോണ്‍ഗ്രസ് – ബി ജെ പി ഗൂഡാലോചന എന്ന പതിവ് പല്ലവി ഉപയോഗിച്ചല്ലാതെ കേസിനെപറ്റി എന്തെങ്കിലും പറഞ്ഞു പ്രതിരോധിക്കാനും എം വി ഗോവിന്ദന്‍ അടക്കമുള്ള സഖാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സിപിഎമ്മിനെ ആകെ തകര്‍ക്കുക ലക്ഷ്യമിട്ടു നടക്കുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നു പാര്‍ട്ടി ആരോപിക്കുന്നു.
റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടാനാണു തീരുമാനമെന്നാണ് സിപിഎം നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ പന്തംകൊളുത്തി പ്രകടനത്തിന് ഉള്‍പ്പെടെ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസ്- ബിജെപി സംയുക്ത നീക്കമാണ്. സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായിക്കെതിരെയുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു’ എന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബിയടക്കം ആരോപിക്കുന്നത്.

അധികാരം നഷ്ടപ്പെട്ടു മാസം തികയും മുന്‍പാണ് ഇപ്പോള്‍ ഉണ്ടായ നീക്കം. മാസപ്പടിക്കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ഇഡിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി ഇന്നലെ വൈകുന്നേരത്തോടെ പച്ചക്കൊടി കാട്ടിയതിനു തൊട്ടുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ തന്നെ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. എസ്‌എഫ്‌ഐഒ നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഇഡി ഇടപെടല്‍.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമായി സി.പി.എം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ട് ഔദ്യോഗിക നിലപാടുകള്‍ വിശദീകരിച്ചു. അതില്‍ പതിവ് പല്ലവികളല്ലാതെ മറ്റൊന്നും ഉണ്ടായില്ല.

ഇനി റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി നിലവില്‍ ആലോചിക്കുന്നത്. അതോടെ ഇപ്പോള്‍ ഇടതിനെ അനുകൂലിക്കുന്നവര്‍ കൂടി സിപിഎമ്മിന് എതിരായി മാറുകയാവും ഫലം.
അതേസമയം, ഇടത് ഭരണത്തില്‍ ഉയര്‍ന്ന അഴിമതി ആക്ഷേപങ്ങള്‍ ഇ.ഡി. കുത്തിപ്പൊക്കുമോ എന്ന ആശങ്ക പല നേതാക്കള്‍ക്കും ഉണ്ട്. ഒന്നിനു പിന്നാലെ ഒന്നൊന്നായി പരിശോധനകള്‍ വന്നാല്‍ സി.പി.എമ്മിനു പ്രതിരോധിക്കാന്‍ കഴിയാതെ പോകും.