
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണിതെന്ന് എംഎ ബേബി പറഞ്ഞു. വീണ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും എംഎ ബേബി പ്രതികരിച്ചു.
സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറക്കുന്നു. ഒരു സേവനവും നൽകാതെ വൻ തുക ചിലർ കൈപ്പറ്റി എന്ന് രേഖകളിൽ പറയുന്നു. ഇവർ ഇന്ന് സർക്കാരിൽ ഉണ്ട്. പിണറായി വിജയൻ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂര മർദ്ദനത്തിന് ഇരയായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. വീണ നിയമപരമായി നേരിടുന്നുണ്ടെന്നും പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.






