Spread the love

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പേരിൽ വലിയ ‘ജനറൽ ആശുപത്രി’ എന്നുണ്ടെങ്കിലും ജലദോഷത്തിനും ചെറിയ മുറിവുകൾക്കും അപ്പുറം മറ്റൊന്നിനും ഇവിടെ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരക്കെ ആക്ഷേപം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന രോഗികളെ കൃത്യമായി പരിശോധിക്കാൻ പോലും തയ്യാറാകാതെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന ‘റഫറൽ രാജ്’ ആണ് ഇവിടെ നടപ്പാകുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർക്ക് ജീവൻ നഷ്ടമായത് പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്. കൃത്യമായ സമയത്ത് അടിയന്തര ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് വിട്ടയച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളും ദൃക്‌സാക്ഷികളും ആരോപിക്കുന്നത്. ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ മുന്നിൽ വെച്ച് ബന്ധുക്കളുടെ കൈകളിൽ കിടന്നാണ് ഈ ഡ്രൈവർ മരണത്തിന് കീഴടങ്ങിയത്.

video
play-sharp-fill

പോരാത്തതിന് ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കച്ചവടക്കണ്ണും സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുകയാണ്. ആശുപത്രിയിലെ പ്രധാന ഡോക്ടർമാർക്കെതിരെ, പ്രത്യേകിച്ച് കാർഡിയോളജി വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. വീടുകളിലെ പരിശോധനയ്ക്ക് 500 രൂപയാണ് ഡോക്ടർമാർ ഈടാക്കുന്നത്. ആശുപത്രി ഡ്യൂട്ടി സമയത്ത് എത്തുന്ന രോഗികളെ കൃത്യമായി പരിശോധിക്കാൻ മടിക്കുന്ന ഡോക്ടർമാർ, അവരുടെ വീടുകളിൽ ചെല്ലുന്നവരിൽ നിന്ന് 500 രൂപ വരെ വാങ്ങി പരിശോധന നടത്തുന്നുവെന്നാണ് ആരോപണം.

ആശുപത്രിയുടെ പരിസരങ്ങളിൽ തന്നെ വീടുകൾ വാടകയ്ക്കെടുത്ത് ഡോക്ടർമാർ കച്ചവടക്കണ്ണോടെ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണെന്നും, ഇതിനായി സർക്കാർ ആശുപത്രിയിലെ സേവനങ്ങളെ ബോധപൂർവ്വം അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സാധാരണക്കാരായ രോഗികൾക്ക് ആശ്രയമാകേണ്ട കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അടിയന്തരമായി ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണമെന്നും, വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ശക്തമായ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group