Spread the love

ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷിനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം. പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയെന്നും, കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വിഡി സതീശൻ പാലിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. 2017ൽ തുടങ്ങിയ ഹർഷിനയുടെ തീരാ ദുരിതങ്ങൾക്കും, സമര പോരാട്ടങ്ങൾക്കുമാണ് 9 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിഡി സതീശനെയും, ആരോഗ്യ മന്ത്രി കെ മുരളീധരനെയും നേരിൽ കണ്ടതിന് പിന്നാലെയാണ് നിയമന ഉത്തരവിറക്കിയത്.

video
play-sharp-fill

തുടർ ചികിത്സയും നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെ തുടർ ശസ്ത്രക്രിയകൾ നടത്തി. സംഭവം വിവാദമായെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് തുടക്കം മുതൽ സ്വീകരിച്ചത്. അർഹിക്കുന്ന നഷ്ടപരിഹാരമോ കുറ്റക്കാർക്കെതിരെ നടപടിയോ ഉണ്ടായില്ല. ചികിത്സാധനസഹായവും ഹർഷിനയ്ക്ക് നിഷേധിച്ചു. തുടർന്ന് 9 വർഷങ്ങൾക്കിപ്പുറമാണ് നീണ്ട പോരാട്ടത്തിനൊടുവിൽ ഹർഷിനയ്ക്ക് നീതി ലഭിച്ചത്.