
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം പിണറായി വിജയൻ ആണെന്ന് സിപിഐ ആരോപണമുന്നയിച്ചു. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിലാണ് വിമർശനം. പിണറായിക്ക് ലാളിത്യമില്ല. തെളിഞ്ഞത് കമ്മ്യൂണിസ്റ്റ് വിരുദ്ധത ആണെന്നും വിമർശനമുണ്ട്. പരാജയത്തിന് പിന്നാലെ പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തതും തെറ്റാണെന്നും, ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും വിമർശനമുയർന്നു. എൽഡിഎഫിൽ സിപിഐയ്ക്ക് പ്രസക്തി ഇല്ലാതായി മാറി. തിരുത്തൽ ശക്തി എന്ന സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജാവെന്ന് ഭാവിച്ചു എന്നും ആക്ഷേപമുയർന്നു.
സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിലും പിണറായിക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോഗത്തിലെ വിമർശനം. ടി സിദ്ദീഖിനെ കൂവി വിളിച്ചത് കൽപ്പറ്റയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തിയെന്നും നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കെപി രാജേന്ദ്രൻ, പിപി സുനീർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.






