
ചെങ്ങന്നൂർ: ഗവണ്‍മെന്റ് വനിതാ ഐടിഐയിലെ അഞ്ചു വിദ്യാർഥിനികള്‍ക്ക് വീണ്ടും ഭക്ഷ്യവിഷബാധ.
സർവേയർ വിഭാഗത്തിലെ വിദ്യാർഥിനി വിദ്യാർത്ഥികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച സ്ഥാപനത്തില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് സംശയിക്കുന്നു.
വിദ്യാർഥിനികള്‍ക്ക് വിളമ്പിയ അച്ചാറിന് കടുത്ത അരുചിയും വ്യത്യാസവും ഉണ്ടായിരുന്നതായി പറയുന്നു. ഏകദേശം 150-ഓളം വിദ്യാർഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പുറത്തുനിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും പരാതികള്‍ ഉയർന്നിരുന്നുവെന്ന് വിദ്യാർഥികള്‍ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് രണ്ടുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികള്‍ സ്വന്തം നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വൈകുന്നേരം അഞ്ചുമണിയോടെയാണ് രക്ഷിതാക്കളെ അറിയിച്ചതെന്ന് ആരോപിച്ച് ഐടിഐ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി.
ഒരു മാസം മുൻപും ഇതേ സ്ഥാപനത്തില്‍ സമാനമായ ഭക്ഷ്യവിഷബാധ സംഭവിച്ചിരുന്നുവെന്നും, അതിനുശേഷവും ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് വീണ്ടും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.
സംഭവത്തില്‍ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണ സംവിധാനവും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.







