
കോട്ടയം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുഖചിത്രവുമായി എന്‍.എസ്.എസ്. മുഖമാസികയായ ‘സര്‍വീസി’ന്റെ പുതിയ പതിപ്പ്.
രാജീവ് ഗാന്ധിയുടെ 35-ാം ചരമവാര്‍ഷികമായ മേയ് 21-നു പ്രാധാന്യം നല്‍കി പുറത്തിറക്കിയ ‘സര്‍വീസി’ല്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിശദമായ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘മധ്യാഹ്‌നത്തിലെ അസ്തമയം’ എന്ന തലക്കെട്ടിലാണു ലേഖനം. ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചു രാജീവിന്റെ മനസില്‍ വിപുലമായ സങ്കല്‍പമുണ്ടായിരുന്നു. ഇന്ത്യയെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനൊപ്പം ചിരപുരാതനമായ ഭാരതീയ സാംസ്‌കാരിക പാരമ്പര്യം ഒളിമങ്ങാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തില്‍ സുസംഘിടതമായിരുന്നു രാജീവിന്റെ ചിന്താഗതി.
ഇലക്‌ട്രോണിക്‌സ് രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതിക്കു കാരണക്കാരന്‍ രാജീവല്ലാതെ മറ്റാരുമല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ലോക ചരിത്രതാളുകളില്‍ തിളക്കമേറിയ നാമധേയമാണ് രാജീവ് ഗാന്ധി.’-ലേഖനത്തില്‍ പറയുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പെരുന്നയില്‍ മന്നം സമാധി സന്ദര്‍ശിക്കവേ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്നംസമാധിയില്‍ ഷൂ ധരിച്ച് പ്രവേശിച്ച സംഭവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസുമായുള്ള എന്‍.എസ്.എസ്. നേതൃത്വത്തിന്റെ അടുപ്പത്തില്‍ വിള്ളല്‍വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് എന്‍.എസ്.എസ്. സമദൂരം എന്ന നിലപാടിലേക്കെത്തി. പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടത്തിയ അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ്. പ്രതിനിധിയെ അയച്ചതോടെ, എന്‍.എസ്.എസ്. ഇക്കുറി എല്‍.ഡി.എഫിനൊപ്പമാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, എന്‍.എസ്.എസ്. നേതൃത്വം സമദൂര നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തിലും വി.ഡി.സതീശന് അനുകൂലമല്ലാത്ത നിലപാടാണ് എന്‍.എസ്.എസ്. സ്വീകരിച്ചത്. ഉന്നതവിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കാലാകാലങ്ങളായി എന്‍.എസ്.എസ്. ഉന്നയിക്കുന്നതാണ്. ഇതു വി.ഡി. സതീശന്‍ സര്‍ക്കാര്‍ നടപ്പാക്കിയത് എന്‍.എസ്.എസിന്റെ നിലപാടിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരേ ചില പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കളെ ഒപ്പം നിര്‍ത്തുമെന്നും അവരെ കണ്ട് പരിഭവങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞതും എന്‍.എസ്.എസുമായുള്ള മഞ്ഞുരുകലിന്റെ ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്







