
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ പോലീസ് ഉപദേശകനായി മുന്‍ വിജിലന്‍സ് മേധാവി എ. ഹേമചന്ദ്രനെ നിയമിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയോ എന്നതില്‍ വ്യക്തതയില്ല.
എന്നാല്‍ നാളെ തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണ്ണായകമായ ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഹേമചന്ദ്രനെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല പോലീസ് സംവിധാനത്തിന്മേല് പൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഹേമചന്ദ്രനെപ്പോലെയുള്ള ഒരു മുതിര്‍ന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഉപദേശകനായി കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാന പോലീസിലെയും വിജിലന്‍സിലെയും അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള വിപുലമായ അധികാരത്തോടെയാണ് ഹേമചന്ദ്രന്റെ വരവ് എന്നതിനാലാണ് പോലീസിന്റെ തലപ്പത്ത് ഇപ്പോള്‍ വലിയ അസ്വസ്ഥതകള്‍ പുകയുന്നത്.
നേരത്തെ ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും നല്കി പൂര്‍ണ്ണമായ ഉപദേഷ്ടാവ് പദവിയിലായിരുന്നു ഹേമചന്ദ്രനെ നിയമിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ നിലവിലെ കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്ത്, ഖജനാവിന് ഭാരമാകാതിരിക്കാന്‍ പ്രതിഫലമില്ലാത്ത പദവി നല്കാന് അടിയന്തരമായി തീരുമാനിക്കുകയായിരുന്നു. ശമ്പളമില്ലാത്ത പദവി ആയതുകൊണ്ട് തന്നെ ധനവകുപ്പിന്റെ ഫയല്‍ നീക്കങ്ങള്‍ കാത്തുനില്‍ക്കാതെ രമേശ് ചെന്നിത്തല നിയമനം അതിവേഗം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഈ പദവി പോലീസിനുള്ളില്‍ നിയമപരമായ വലിയൊരു വടിയായി മാറുകയാണ്. പോലീസിലെയും അന്വേഷണ ഏജന്‍സികളിലെയും ഭൂരിഭാഗം തീരുമാനങ്ങളും അതീവ രഹസ്യാത്മക സ്വഭാവമുള്ളതാണ്. ശമ്പളമോ ഔദ്യോഗിക പദവിയോ ഇല്ലാതെ പുറത്തുനിന്നൊരാള്‍ വന്ന് ഇത്തരത്തിലുള്ള ഫയലുകള്‍ കൈകാര്യം ചെയ്താല്‍ അത് കേസുകളുടെയും ആഭ്യന്തര സുരക്ഷയുടെയും രഹസ്യാത്മകതയെ ബാധിക്കുമെന്ന് മുന്‍പ് സമാനമായ കേസുകളില്‍ കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ നിയമപരമായ നൂലാമാലകളെക്കുറിച്ചാണ് പോലീസ് ആസ്ഥാനത്ത് ഇപ്പോള്‍ അണിയറ ചര്‍ച്ചകള്‍ നടക്കുന്നത്.
ഈ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും, പ്രായോഗികമായി കേരള പോലീസിലെ ‘സൂപ്പര്‍ ഡിജിപി’യായി എ. ഹേമചന്ദ്രന് മാറുമെന്നാണ് വ്യക്തമാകുന്നത്. ഡിജിപി പദവിയേക്കാള്‍ വലിയ അധികാരത്തോടെ ഫലത്തില്‍ പോലീസിലെ ഒന്നാമനായി ഹേമചന്ദ്രന് പ്രവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. മുന്‍പ് ഡിജിപിയായി വിരമിച്ചെങ്കിലും പോലീസ് മേധാവി ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കരിയറിലുടനീളം മികച്ച അന്വേഷണ ഉദ്യോഗസ്ഥന് എന്ന പേരെടുത്ത ഹേമചന്ദ്രന് ക്രമസമാധാന പരിപാലനത്തിലും കേസന്വേഷണങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രധാന രാഷ്ട്രീയ അഴിമതി കേസുകളിലും നവകേരള മര്‍ദ്ദനക്കേസ് ഉള്‍പ്പെടെയുള്ള വിവാദ കേസുകളുടെ അന്വേഷണത്തിലും ഉപദേശകന് നേരിട്ട് ഇടപെടാന്‍ കഴിയും. ഈ സാഹചര്യം പോലീസിലെ ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥരും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ഡിജിപിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും അധികാരത്തിന് മുകളിലേക്ക് ഉപദേശകന് വളരുന്നത് വരും ദിവസങ്ങളില്‍ ആഭ്യന്തരവകുപ്പില്‍ ഐപിഎസ് പോരിലേക്ക് വഴിതുറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കേരള പോലീസില്‍ അത്യന്തം സങ്കീര്‍ണ്ണമായ കേസുകള്‍ അന്വേഷിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് എ. ഹേമചന്ദ്രന്. കറപുരളാത്ത വ്യക്തിത്വവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത നിലപാടുകളുമാണ് അദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരളത്തിലെ വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായും ദക്ഷിണ മേഖല എഡിജിപിയായും മിടുക്ക് തെളിയിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. അക്കാലത്ത് ഉയര്‍ന്നുവന്ന കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കിടയിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ഹേമചന്ദ്രന് സാധിച്ചിരുന്നു. ഈ അനുഭവസമ്പത്താണ് ഇപ്പോള്‍ രമേശ് ചെന്നിത്തല അദ്ദേഹത്തെ ആഭ്യന്തരവകുപ്പിന്റെ ഉപദേശക സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ പ്രധാന കാരണം.
പോലീസ് സേനയിലെ നവീകരണത്തിനും അച്ചടക്കത്തിനും മുന്‍ഗണന നല്കുന്ന ഹേമചന്ദ്രന് മുന്‍പ് കെഎസ്ആര്‍ടിസി എംഡിയായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നഷ്ടത്തിലായിരുന്ന പൊതുഗതാഗത സംവിധാനത്തില്‍ കടുത്ത അച്ചടക്ക നടപടികളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ഭരണപാടവത്തിന് കഴിഞ്ഞിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം അഴിമതിക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ക്കെതിരെ പോലും നിഷ്പക്ഷമായ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ട അദ്ദേഹം വിജിലന്‍സിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ഫയലുകള്‍ സൂക്ഷ്മമായി പഠിക്കാനും നിയമപരമായ വശങ്ങള് കൃത്യമായി വിലയിരുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തമാണ്.
അഗ്നിശമന സേനാ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ കേവലം ഒരു ഉപദേശക പദവി എന്നതിനപ്പുറം എല്ലാ ഫയലുകളും കാണാനുള്ള അധികാരം അദ്ദേഹത്തിന് നല്‍കിയതാണ് ഇപ്പോള്‍ സേനയിലെ ഐപിഎസ് ലോബിയെ അസ്വസ്ഥമാക്കുന്നത്. നിലവിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറി കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമ്പോള്‍ ഹേമചന്ദ്രന്റെ ഉപദേശങ്ങള്‍ നിര്‍ണ്ണായകമാകും.







