
കോഴിക്കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഇടത് പ്രവര്‍ത്തകര്‍.
മലപ്പുറത്തെ സിപിഎമ്മിന്റെ വര്‍ഗചരിത്രത്തെയും രാഷ്ട്രീയ അന്തസ്സിനെയും തകര്‍ത്ത് അണികളുടെ ആത്മാഭിമാനം ഇല്ലാതാക്കിയ ആളെന്നും മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും നേതാക്കളുമായി ബിസിനസ് കോക്കസ് ഉണ്ടാക്കുന്നയാളെന്നുമാണ് വിമര്‍ശനം.
റിയല്‍ എസ്റ്റേറ്റും ബ്രോക്കര്‍ പണിയുമായി വിജയരാഘവന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടരുന്ന കാലത്തോളം മലപ്പുറത്ത് സിപിഎം രക്ഷപ്പെടില്ലെന്നും വിമര്‍ശനമുയരുന്നു. വിജയരാഘവനെതിരെ പാര്‍ട്ടി അന്വേഷണം അനിവാര്യമാണെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒപ്പമുള്ള എസ്ഡിപിഐ നേതാക്കളുമായി വിജയരാഘവന് എന്താണ് ബന്ധമെന്നാണ് ചോദ്യം.
മുസ്‌ലിം ലീഗിന്റെ പ്രവാസി ബിസിനസുകാരോട് അനാരോഗ്യകരമായ ബന്ധവും അടുപ്പവും പുലര്‍ത്തുന്ന വിജയരാഘവന്‍ തിരൂര്‍ കേന്ദ്രീകരിച്ച് കോക്കസ് ഉണ്ടാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും പാര്‍ട്ടിയുടെ പല കമ്മിറ്റികളിലും ഇഷ്ടക്കാരെ കയറ്റിവെച്ച് സംഘടനാ കരുത്തിനെ ചോര്‍ത്തുന്ന തീരുമാനങ്ങള്‍ എടുപ്പിച്ച് ഈ ബിസിനസ് ടീമിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയരാഘവന് മൈക്കിന്റെ മുമ്പില്‍ എന്തെങ്കിലും പറഞ്ഞ ശേഷം പിന്നിലൂടെ നടത്തുന്ന പണികളെ കുറിച്ച് നേതാക്കള്‍ മനസിലാക്കണം. പാര്‍ട്ടിക്കാരോട് ഒട്ടും മര്യാദ ഇല്ലാതെ പെരുമാറുകയും പണക്കാരോട് കുമ്പിട്ട് നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ പിബി മെമ്പറായി വരെ ഇരിക്കുന്നത് സിപിഎമ്മിന് നാണക്കേടാണെന്നും വിമര്‍ശിക്കുന്നു. തെറ്റില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടവര്‍ ലീഗ് വിളമ്പി വെക്കുന്ന ബിരിയാണിക്ക് മുമ്പില്‍ കമിഴ്ന്ന് വീണ്, പാട്ടും കൂത്തുമായി ആഘോഷിക്കുന്നത് കാണുമ്പോള്‍ പൊള്ളുമെന്നാണ് വിജയരാഘവനെതിരായ മറ്റൊരു പോസ്റ്റിലെ വിമര്‍ശനം.







