Spread the love

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ എംപി രം​ഗത്ത്. ആഗോള പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേൽപ്പിക്കരുതെന്ന് കമൽഹാസൻ പറഞ്ഞു. പൗരന്മാരിൽ നിന്ന് മാത്രം ത്യാ​ഗം പ്രതീക്ഷിക്കരുതെന്നും സ‍ർക്കാരുകൾ സാമ്പത്തിക ഭാരം പങ്കിടണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് രാജ്യസഭ എംപിയായ കമൽഹാസന്റെ പ്രതികരണം.

video
play-sharp-fill

പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള സംസ്ഥാന നികുതികൾ കുറയ്ക്കണം. ട്രെയിൻ, മെട്രോ, ബസ് നിരക്കുകളും കുറയ്ക്കണം. അതുവഴി സ്വകാര്യ വാഹനങ്ങളിൽനിന്ന് കൂടുതൽ ആളുകൾക്ക് പൊതു​ഗതാ​ഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിലൂടെയും പങ്കിട്ട ത്യാഗത്തിലൂടെയും യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ആഗോള പ്രതിസന്ധികളെയും ഇന്ത്യ മുൻപും അതിജീവിച്ചിട്ടുണ്ട്. ആ ദേശീയ വീര്യം വീണ്ടും ഉണർത്തേണ്ട നിമിഷമാണിത്. ഇങ്ങനെയുള്ള സമയങ്ങളിൽ പാർട്ടിരാഷ്ട്രീയത്തിന് അതീതമായി ദേശീയ ഉത്തരവാദിത്തം ഉയർന്നുനിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.