
സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നതിനായി പുതിയ സംരംഭ വികസന പദ്ധതി ഒരുങ്ങുന്നു. ഹരിതകർമസേനാംഗങ്ങളുടെ ജീവിതോപാധി കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലോകബാങ്ക് ധനസഹായത്തോടെ പ്രവർത്തിക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (KSWMP) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദേശങ്ങള്‍ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന കണ്‍സോർഷ്യങ്ങളുടെ നേതൃത്വത്തില്‍ ചെറുകിട സംരംഭക യൂണിറ്റുകള്‍ രൂപീകരിക്കും.
പ്ലാസ്റ്റിക് ശേഖരണം, തരംതിരിക്കല്‍, റീസൈക്ലിംഗ് പ്രവർത്തനങ്ങള്‍, ക്ലീനിങ് യൂണിറ്റുകള്‍, ജൈവവളം നിർമ്മാണം, പുനരുപയോഗ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍, ഹോം കംപോസ്റ്റിംഗ് തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത്തരം യൂണിറ്റുകള്‍ക്ക് എംഎസ്‌എംഇ രജിസ്ട്രേഷൻ, ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പിന്തുണകള്‍ ലഭ്യമാക്കുന്നതിനും സംവിധാനം ഒരുക്കുന്നുണ്ട്. കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കാൻ ആവശ്യമായ പ്രാരംഭ മൂലധനം, ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെ പ്രവർത്തന മൂലധനം, പരിശീലനം, സാങ്കേതിക മാർഗനിർദേശം എന്നിവയും സർക്കാർ നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







