
തിരുവനന്തപുരം: ഓണറേറിയം വർധനവില്‍ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു.
ആശമാരുടെ കണ്ണീരാണ് എല്‍ഡിഎഫ് സർക്കാരിനെ അധികാരത്തില്‍ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു. 266 ദിവസം നീണ്ട് നിന്ന രാപ്പകല്‍ സമരം. പെരുമഴയത്ത് പൊലീസ് അഴിച്ച് മാറ്റിയ ടാർപോളിൻ ഷീറ്റുകള്‍, പിടിച്ചെടുത്ത മൈക്ക് സെറ്റ്, സമരം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച സർക്കാരിനെ ഉണർത്താൻ മുടിമുറിച്ചും നിരാഹാരം കിടന്നുമുള്ള സമര ദിവസങ്ങള്‍.
ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഒന്നേകാല്‍ വർഷമിപ്പുറം ആശമാർ ഒരിക്കല്‍ കൂടി സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി. 3000 രൂപ ഓണറേറിയം കൂട്ടിയതിന് നന്ദി അറിയിക്കാൻ.
സമരത്തിന് തുടക്കം മുതല്‍ പിന്തുണ നല്കിയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ആഘോഷവേദിയിലെത്തി. സമരത്തെ അനുകൂലിച്ചതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തുറന്ന പറഞ്ഞ നടൻ പ്രേംകുമാറും നന്ദി പ്രകടനവേദിയിലെത്തി. സമരകാലത്ത് ഓണവും വിഷുവും ഈസ്റ്ററും എല്ലാം ആശമാർ ആഘോഷിച്ചത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലാണ്. ഇന്നവിടെ വിജയത്തിന്റെ മധുരം പകർന്നു പായസ വിതരണം. ഒപ്പം 21,000 രൂപ ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ലഭിക്കുന്നത് വരെ സരമവഴിയില് നിന്ന് പിന്മാറില്ലെന്ന് പുതിയ സർക്കാരിനെ ഓർമപ്പെടുത്തലും.






