
കൊച്ചി : കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ പിടിയിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്. പരാതിപ്പെട്ടതിന് ഗുണ്ടാ നേതാവിന്റെ പേരുപറഞ്ഞ് പണി തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ചേച്ചീ, ഈ കൂടെനിന്നിട്ടുള്ള, ഉടായിപ്പ് കാണിച്ചാൽ നമ്മള്‍ അണ്ണാക്കില്‍ തേച്ചുകൊടുക്കും ഞാന്‍ ചിലപ്പോള്‍ വിടുവായിരിക്കും, പക്ഷേ അയാള് അണ്ണാക്കില്‍ തരും, അതൊന്ന് ആലോചിച്ചു വച്ചേക്ക് എന്നാണ് അലീന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
അതേസമയം മുംബൈയിൽ പിടിയിലായ മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. കേസിൽ പിടിയിലായ മോഡൽ അലീന, പൊന്നാനി സ്വദേശി മഞ്‌ജിമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനായി നിയമനടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ സെക്സ് റാക്കറ്റിന്റെയും ഗുണ്ടാസംഘങ്ങളുടെയും ബന്ധങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികൾ. മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി യുവതികളെ ലഹരിമരുന്ന് ഉള്‍പ്പെടെ നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിലെത്തിയതിനു പിന്നാലെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ലഹരി നല്‍കി, അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു മാസം പുറത്തുകടക്കാന്‍ സാധിച്ചില്ല. പിന്നീട് ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് മരട് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.
ഏറെ ഗൗരവമേറിയ കേസാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം എസിപി കെ.ജി.സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. മരട് എസ്എച്ച്ഒ അബ്ദുൾ മനാഫും അന്വേഷണ സംഘത്തിലുണ്ട്. സമാന വിധത്തിൽ ക്രൂരതകൾ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.







