Spread the love

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിന്റെ മറവില്‍ വലിയ തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ റിപ്പോർട്ട് തേടി.

video
play-sharp-fill

ആറ് മാസത്തെ പൂജകള്‍ക്കിടയില്‍ അഷ്ടാഭിഷേകത്തിന്റെ പേരില്‍ മാത്രം 5.15 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തല്‍. മുൻപ് ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസില്‍ പ്രതികളായവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതല വഹിച്ചിരുന്ന സമയത്താണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അഷ്ടാഭിഷേക വഴിപാടിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി വിതരണം ചെയ്യുമ്പോള്‍ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് നേരിട്ട് നല്‍കുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദ്യം ചെയ്തു. കൂടാതെ, അഷ്ടാഭിഷേക പൂജയ്‌ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 6,000 രൂപ ഫീസുള്ള അഷ്ടാഭിഷേക വഴിപാടിന് എട്ട് സാധനങ്ങളാണ് ആവശ്യമുള്ളത്. ഇതില്‍ പൂജാ സാധനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന 300 രൂപയാണ് ഈ മൂന്ന് സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുന്നത്. എന്നാല്‍ വിജിലൻസിന്റെ ഈ കണ്ടെത്തലുകള്‍ പൂർണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്.