Spread the love

കോഴിക്കോട്: ജോലി അന്വേഷിച്ച് എത്തിയ തമിഴ്‌നാട് സ്വദേശിയെ വനമേഖലയില്‍ നിന്ന് കാണാതായ സംഭവത്തില്‍ പൊലീസും വനംവകുപ്പും വ്യാപക തെരച്ചില്‍ നടത്തുന്നു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂര്‍ കോളനിയില്‍ താമസിക്കുന്ന ശങ്കറിന്റെ മകന്‍ സതീഷ് (37) നെയാണ് കാണാതായത്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറാംതോട്ടിലെ വനമേഖലയിലാണ് ഇയാളെ അവസാനമായി കണ്ടത്.

video
play-sharp-fill

പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി അന്വേഷിച്ചെത്തിയ സതീഷ് കഴിഞ്ഞ 17 മുതല്‍ കാണാതായതായാണ് വിവരം. തമ്പുരാന്‍കൊല്ലി ഭാഗത്ത് നിന്ന് ഇയാള്‍ വനത്തിലേക്ക് കയറിപ്പോകുന്നത് ചിലര്‍ കണ്ടതായി പറയുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനാല്‍ റിസോര്‍ട്ട് അധികൃതര്‍ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിനെ ബാധിക്കുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പരിശോധന നടത്തി. വനത്തിനുള്ളില്‍ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group