Spread the love

രാത്രി മിതമായി കഴിച്ച് കിടക്കാൻ നേരം കുറച്ച് മധുരം കഴിക്കുന്ന ശീലമുണ്ടോ? ഡെസേർട്ടുകൾ ഒഴിവാക്കി ആരോഗ്യകരമായ ഓപ്ഷൻ എന്ന രീതിയിലും ഇഷ്ടമുള്ള പഴങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.

video
play-sharp-fill

വിറ്റാമിനുകളും നാരുകളും നിറഞ്ഞ പഴങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, അവ കഴിക്കുന്ന സമയവും അത്ര തന്നെ പ്രധാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണയായി പഴങ്ങൾ വേഗത്തിൽ ദഹിക്കാറുണ്ട്. പക്ഷേ രാത്രി ഡിന്നറിനുശേഷം ഉടനെ പഴങ്ങൾ കഴിക്കുമ്പോൾ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം.

അത്താഴത്തിന് ശേഷം പഴങ്ങൾ കഴിക്കരുതെന്ന് പറയാൻ ചില കാരണങ്ങളുണ്ട്. രാത്രി ഭക്ഷണത്തിനുശേഷം ശരീരം ഇതിനകം തന്നെ കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഈ സമയത്ത് പഴങ്ങൾ കൂടി കഴിക്കുമ്പോൾ ദഹനം വൈകാൻ സാധ്യതയുണ്ട്. ഫലമായി, പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാരയും ഫൈബറും കുടലിൽ പുളിച്ചുതുടങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൂടെ ചിലർക്ക് വയർ വീർക്കൽ, ഗ്യാസ്, അസ്വസ്ഥത, വയറ് നിറഞ്ഞിരിക്കുന്ന അനുഭവം, വയറുവേദന, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഒരുപാട് പുളിയുള്ളതും മധുരമുള്ളതുമായ പഴങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

എന്നാൽ എല്ലാ പഴങ്ങളും പ്രശ്‌നക്കാരുമല്ല. ഫ്രക്ടോസ് കൂടുതലുള്ള പഴങ്ങളാണ് ചിലർക്ക് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ഫ്രക്ടോസ് (Fructose) എന്നത് പഴങ്ങളിലും ചില പച്ചക്കറികളിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇതിനെ സാധാരണയായി ‘ഫ്രൂട്ട് ഷുഗർ’ എന്നും വിളിക്കാറുണ്ട്.

ആപ്പിൾ, പേരയ്ക്ക, മാങ്ങ, തണ്ണിമത്തൻ എന്നിവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ശരീരത്തിന് ശരിയായി ദഹിപ്പിക്കാനാകാത്തതിനാൽ അത് കുടലിൽ കൂടുതൽ സമയം തുടരുകയും ചെയ്യും.

തുടർന്ന് കുടലിലെ ബാക്ടീരിയകൾ ഈ പഞ്ചസാര പുളിപ്പിക്കുന്നതോടെ വയറ് വീർക്കലും ഗ്യാസും ഉണ്ടാകാം. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും സ്ഥിരമായി അസിഡിറ്റി, ബ്ലോട്ടിങ് ഒക്കെ അലട്ടുന്നവരും രാത്രി ഭക്ഷണത്തിനുശേഷം ഇത്തരത്തിലുള്ള പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രാതലിനുശേഷം ഇടനേരങ്ങളിലോ വൈകുന്നേരങ്ങളിൽ സ്‌നാക്ക്‌സ് ആയോ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം. ഇത് ദഹനം എളുപ്പമാക്കും.

ഒരാളുടെ ശരീരത്തിന് അനുയോജ്യമാകുന്ന ഭക്ഷണക്രമമായിരിക്കില്ല മറ്റൊരാളുടേത്. അതിനാൽ ഏത് പഴം കഴിക്കുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിച്ച്, സ്വന്തം ശരീരത്തിന്റെ പ്രതികരണം മനസിലാക്കി പഴങ്ങൾ തിരഞ്ഞെടുക്കുന്നതാണ് പ്രധാനം.

രാത്രിയിൽ പഴം കഴിക്കണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ കഴിച്ചയുടനെ കിടക്കാതെ, ഒരു മണിക്കൂറിനുശേഷം ഉറങ്ങുന്നതാവും നല്ലത്.