Spread the love

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കടന്നാക്രമിച്ച് മുതിര്‍ന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ അനിത രാധാകൃഷ്ണന്‍. സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിജയ്‌യുടെ ഭാര്യയും മക്കളും വിട്ടുനിന്നത് ചൂണ്ടിക്കാണിച്ചായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. തിരുച്ചെന്തൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു എംഎല്‍എ. വിജയ് സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു, പക്ഷേ ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും മക്കള്‍ക്കും മറുപടി നല്‍കു. നിങ്ങള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, നിങ്ങളുടെ ഭാര്യയും മക്കളും പങ്കെടുത്തിരുന്നോ? എന്നായിരുന്നു ഡിഎംകെ എംഎല്‍എ അനിത രാധാകൃഷ്ണൻ്റെ ചോദ്യം.

video
play-sharp-fill

വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ആറു മാസത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരില്ലെന്നും നാലോ ആറോ മാസത്തിനുള്ളില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുമെന്നും രാധാകൃഷ്ണന്‍ പ്രവചിച്ചിട്ടുണ്ട്. വിജയ് ഒഴിഞ്ഞ ത്രിച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും സ്റ്റാലിന്‍ ജനവിധി തേടണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതിനിടയില്‍ സ്റ്റാലിന് അപ്രതീക്ഷിത പരാജയം സമ്മാനിച്ച കൊളത്തൂരിലെ വോട്ടര്‍മാരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ടിവികെയുടെ വിഎസ് ബാബുവിനോടാണ് സ്റ്റാലിന്‍ തോറ്റത്. 2011 മുതല്‍ സ്റ്റാലിന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായിരുന്നു കൊളത്തൂര്‍.