Spread the love

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുസ്ലിം സംഘടനകള്‍ തുടര്‍ച്ചയായി അവഹേളിക്കുന്നതിന് പിന്നാലെ ഒരു വിഭാഗം സിപിഎം നേതാക്കളും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത് ചര്‍ച്ചയാകുന്നു.

video
play-sharp-fill

മുസ്ലിം ലീഗും, തീവ്രനിലപാടുകളുള്ള ഒരു വിഭാഗം സംഘടനകളും കഴിഞ്ഞ കുറെക്കാലമായി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുകയാണ്. മലപ്പുറത്തെ മതാധിപത്യം ചൂണ്ടിക്കാട്ടിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇത്തരം സംഘടനകള്‍ വെള്ളാപ്പള്ളി നടേശനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം വര്‍ദ്ധിപ്പിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വ്യക്തിപരമായി ഇടതുപക്ഷത്തെ പിന്തുണച്ച വെള്ളാപ്പള്ളി നടേശനെ ഒരു വിഭാഗം സിപിഎം നേതാക്കളും ഇപ്പോള്‍ തള്ളിപ്പറയുന്നു എന്നതാണ് വിരോധാഭാസം. നിലവില്‍ മുന്‍ എംഎല്‍എ യു. പ്രതിഭയും മുന്‍ എംപി എ.എം. ആരീഫുമാണ് പരസ്യമായി വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് പാര്‍ട്ടി അപ്പപ്പോള്‍ പറയേണ്ടതായിരുന്നുവെന്ന് എ.എം. ആരിഫ് പ്രതികരിച്ചു. മുസ്ലിം ലീഗിനെയല്ല വെള്ളാപ്പള്ളി വിമര്‍ശിച്ചതെന്നും മുസ്ലിം സമുദായത്തെ ആയിരുന്നെന്നും ആരിഫ് പറഞ്ഞു. അതിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കായില്ല. ലീഗിനെയാണ് വിമര്‍ശിച്ചതെന്ന് പാര്‍ട്ടി നേതാക്കളും പറഞ്ഞതോടെ വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടായി. ന്യൂനപക്ഷസംരക്ഷകരെന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ അതോടെ നഷ്ടപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരെ കായംകുളത്ത് മത്സരിച്ച്‌ പരാജയപ്പെട്ട യു. പ്രതിഭയും വിമര്‍ശനം ഉന്നയിച്ചിരുന്നു. തനിക്കെതിരെ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു. ഇത് എസ്‌എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാക്കി. യഥാര്‍ത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ മൊത്തം ഇത്തരത്തില്‍ പ്രതിപ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിഭയുടെ ഈ ആരോപണങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ തള്ളിയിരുന്നു. രണ്ട് തവണ ആ സമുദായത്തില്‍ നിന്ന് കിട്ടിയ വോട്ട് ഇത്തവണ എന്താണ് കിട്ടാഞ്ഞതെന്ന് പ്രതിഭയാണ് പറയേണ്ടതെന്നായിരുന്നു നാസറിന്റെ പ്രതികരണം. അതിന് പിന്നാലെയാണ് ആരിഫ് നിലപാട് വ്യക്തമാക്കിയത്.

സംഘടിത മതന്യൂനപക്ഷങ്ങളുടെ വോട്ട് ഇത്തവണ ഒന്നാകെ യുഡിഎഫ് പക്ഷത്ത് എത്തിയതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞ് ന്യൂനപക്ഷ പ്രീണനം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത്തരം പരസ്യമായ വിമര്‍ശനങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.