
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യചർച്ചകൾക്കെതിരെ രംഗത്തെത്തി മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വികെ ശശികല. ഡിഎംകെയുമായി കൈകോർക്കാനുള്ള ശ്രമങ്ങൾ എഐഎഡിഎംകെ അവസാനിപ്പിക്കണമെന്നും ചരിത്രപരമായ തെറ്റ് ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് ശശികല തുറന്ന കത്തെഴുതി. വിജയ് നേതൃത്വം നൽകുന്ന ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ദീർഘകാല രാഷ്ട്രീയ എതിരാളികളായ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ ചർച്ചകൾ നടന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന ഫോർമുലയും പരിഗണിച്ചുവെന്നായിരുന്നു സൂചന. എന്നാൽ ബിജെപിയുമായി ബന്ധമുണ്ടെന്ന കോൺഗ്രസ് ആരോപണം ശക്തമായതോടെ ഡിഎംകെ സഖ്യനീക്കത്തിൽ നിന്ന് പിന്മാറിയെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള വിവരം.
അതേസമയം 108 സീറ്റുകളുമായി വിജയ്യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 118 സീറ്റുകൾ നേടാനായിട്ടില്ല. കോൺഗ്രസിന് പിന്നാലെ സിപിഐയും സിപിഎമ്മും ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതേതരവും ജനാധിപത്യപരവുമായ സ്ഥിരതയുള്ള ഭരണത്തിനായി ഉപാധികളില്ലാത്ത പിന്തുണ നൽകുന്നതായാണ് സിപിഐ പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







